ഹാര്‍ദ്ദിക്കും പൃത്ഥി ഷായും ഈ തിരിച്ചടി എങ്ങനെ സഹിക്കും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് രണ്ട് സൂപ്പര്‍ താരങ്ങളുടെ അസാന്നിദ്ധ്യം. യുവ ഓപ്പണര്‍ പൃത്ഥി ഷായും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുമാണ് ടീം ഇന്ത്യയുടെ 20 അംഗ പട്ടികയില്‍ ഇടം പിടിക്കാതെ പോയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടുന്നതിന് പുറമെ ഈ ടീം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരവും കളിയ്ക്കുന്നുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ഫോമാണ് പൃത്ഥി ഷായ്ക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുളള വഴിയടച്ചത്. ഹാര്‍ദ്ദിക്കിനാകട്ടെ മോശം ഫോമും ഫിറ്റ്‌നസ് സംബന്ധിച്ച് സംശയവുമാണ് തിരിച്ചടിയായത്.

20 അംഗ ടീമിന് പുറമെ നാല് പേര്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളായിട്ടും തിരഞ്ഞെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നെസ് ടെസ്റ്റ് പാസായാല്‍ മാത്രമെ ഇംഗ്ലണ്ടിലേക്കുണ്ടാവൂ. പരിക്കിന്റെ പിടിയിലായിരുന്ന മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി.

ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടില സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍. നേരത്തെ ജൂണ്‍ മൂന്നിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകാനിരുന്നതെങ്കിലും ഐപിഎല്‍ റദ്ദാക്കിയതിനാല്‍ യാത്ര നേരത്തെയാക്കുന്നകാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ട്. ക്വാറന്റീന്‍ നിബന്ധനകള്‍ കര്‍ശനമാണെന്നതും നേരത്തെ ഇംഗ്ലണ്ടിലെത്താന്‍ ഇന്ത്യന്‍ ടീമിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് ബ്രിട്ടനിലുള്ളത്.

ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുശേഷം ഓഗസ്റ്റ് നാലു മുതല്‍ ആറ് വരെ നോട്ടിംഗ്ഹാമിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 12-16വരെ ലോര്‍ഡ്സില്‍ രണ്ടാം ടെസ്റ്റും 25-29 ലീഡ്സില്‍ മൂന്നാം ടെസ്റ്റും സെപ്റ്റംബര്‍ 2-6 ഓവലില്‍ നാലാം ടെസ്റ്റും 10-14 മാഞ്ചസ്റ്ററില്‍ അഞ്ചാം ടെസ്റ്റും നടക്കും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല.

 

 

You Might Also Like