ഇന്ത്യയ്‌ക്കെതിരെ കനത്ത ശിക്ഷ വിധിച്ച് ഐസിസി

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യയെ തേടി അടുത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ കനത്ത പിഴയാണ് സംഘാടകര്‍ ഇന്ത്യയ്ക്ക് വിധിച്ചിരിക്കുന്നത്.

നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 80 ശതമാനം പിഴ ചുമത്തി. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കേണ്ട ഓവറുകള്‍ക്ക് നാലോവര്‍ കുറച്ചാണ് ഇന്ത്യ എറിഞ്ഞിരുന്നത്.

പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ. നാലോവര്‍ ബാക്കി നിര്‍ത്തി ബംഗ്ലാദേശ് ജയിച്ചിട്ടും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യക്ക് കനത്ത പിഴ വന്നുവെന്നതാണ് ശ്രദ്ധേയം.

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 70 പന്തില്‍ 73 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(27), ശിഖര്‍ ധവാന്‍(7), വിരാട് കോലി(9) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം അഞ്ചാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത രാഹുലാണ് ഇന്ത്യയെ 150 കടത്തിയത്.

ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍ 36 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ എബാദത്ത് ഹൊസൈന്‍ 47 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ 26-2ലേക്ക് തകര്‍ന്നെങ്കിലും പിന്നീട് 92-3 എന്ന മികച്ച നിലയിലെത്തി ബംഗ്ലാദേശ്. എന്നാല്‍ മധ്യനിര കൂട്ടത്തകര്‍ച്ച നേരിട്ടതോടെ 136-9ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശ് തോല്‍വി ഉറപ്പിച്ചുവെങ്കിലും പത്താം വിക്കറ്റില്‍ മെഹ്ദി ഹസന്റെ(38*) വീറുറ്റ പോരാട്ടം അവര്‍ക്ക് അവിശ്വസീനയ ജയം സമ്മാന്നിച്ചു. മെഹ്ദി ഹസന്റെ അനായാസ ക്യാച്ച് വിക്കറ്റ് കീപ്പറായിരുന്ന കെ എല്‍ രാഹുല്‍ നഷ്ടമാക്കിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്.

 

You Might Also Like