സഞ്ജുവും കൂട്ടുകാരും അറിയാന്‍, ലങ്കന്‍ പര്യടനത്തില്‍ നിര്‍ണ്ണായക മാറ്റം

ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈയില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരയില്‍ നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
നേരത്തെ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുമെന്ന് പറഞ്ഞതിരുന്നത്. ഇതിലാണ് ശ്രീലങ്കന്‍ ബോര്‍ഡിന്റെ പ്രസിഡന്റിന്റെ തിരുത്തല്‍ വന്നിരിക്കുന്നത്.
‘ഇന്ത്യ അഞ്ച് ടി20 മത്സരങ്ങള്‍ ഇവിടെ കളിക്കും. ഈ തീരുമാനം ബി.സി.സി.ഐ അംഗീകരിച്ചിട്ടുണ്ട്. അത് തങ്ങളുടെ ബോര്‍ഡിന് കൂടുതല്‍ വരുമാനം നേടുവാന്‍ സഹായിക്കും. ഇത് ബോര്‍ഡിന് സാമ്പത്തികമായി വലിയ ആശ്വാസം നല്‍കും’ ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ പറഞ്ഞു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇതേ തുടര്‍ന്ന് കളിക്കാരുടെ സാലറി കുറയ്ക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.
ഇതോടെ സഞ്ജു സാംസണ്‍ അടക്കമുളള യുവതാരങ്ങള്‍ക്ക് ഇത് ഇത് വലിയ നേട്ടമാകും. നേരത്തെ തന്നെ ഇന്ത്യ ലങ്കന്‍ പര്യടനത്തിന് രണ്ടാം നിര ടീമിനെയാകും പ്രഖ്യാപിക്കുക അറിയിച്ചിരുന്നു. ഇതോടെ സഞ്ജു അടക്കമുളള താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് വഴിതുറയ്ക്കുമെന്നും ഉറപ്പായിട്ടുണ്ട്.
ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 19 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക. ടി20 മത്സരങ്ങള്‍ ജൂലൈ 22 ന് ആരംഭിക്കും.