സിക്സറുകളിലും റെക്കോർഡിട്ട് ഇന്ത്യ-ബംഗ്ലാ പോരാട്ടം; പഴങ്കഥയായത് ബ്രോഡ്-യുവരാജ് പോരാട്ടം നടന്ന മത്സരം

Image 3
CricketTeam IndiaWorldcup

സിക്സറുകളുടെ പെരുമഴ കണ്ട ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ ഇന്ത്യ 50 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. ഇതോടൊപ്പം സിക്സറുകളുടെ കാര്യത്തിൽ ഇന്ത്യ സ്വന്തം റെക്കോർഡ് തിരുത്തിയെഴുതുക കൂടി ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്തപ്പോൾ 13 സിക്‌സറുകൾ നേടി, ടി20 ലോകകപ്പിൽ ഒരു മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ ഏറ്റവും കൂടുതൽ സിക്സറുകളടിച്ച മത്സരമായി ഇന്നത്തെ മത്സരം മാറി.

2007-ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 11 സിക്‌സറുകൾ നേടിയതായിരുന്നു ഇന്ത്യയുടെ മുൻ റെക്കോർഡ്. ഈ മത്സരത്തിൽ യുവരാജ് സിംഗ്, സ്റ്റുവർട്ട് ബ്രോഡിന്റെ ഒരു ഓവറിൽ തുടർച്ചയായി ആറ് സിക്‌സറുകൾ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.

അതേസമയം, ഒരു ടി20 ലോകകപ്പ് ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന റെക്കോർഡ് നെതർലൻഡിനാണ്. 2014-ലെ ടൂർണമെന്റിൽ അയർലൻഡിനെതിരെ 19 സിക്‌സറുകൾ നേടിയാണ് നെതർലൻഡ്സ് 190 റൺസ് 13.5 ഓവറിൽ മറികടന്നത്.

ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറുകളിൽ, ബംഗ്ലാദേശിനെതിരായ ഈ മത്സരത്തിലെ 196/5 എന്ന സ്കോർ മൂന്നാം സ്ഥാനത്താണ്. 2007-ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 218/4 ആണ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ.

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ 13 സിക്സറുകളിൽ വിരാട് കോലി, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നിവർ മൂന്ന് സിക്സറുകൾ വീതം നേടിയപ്പോൾ, ഋഷഭ് പന്ത് രണ്ട് സിക്സറുകൾ നേടി. നായകൻ രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ഓരോ സിക്സർ വീതം പറത്തി.
ബംഗ്ലാദേശിനെ 50 റൺസിന് തകർത്തതോടെ ടി20 ലോകകപ്പിൽ ടീം ഇന്ത്യ സെമി ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തുകഴിഞ്ഞു.

ഇന്ത്യയുടെ ബാറ്റിംഗ് നിര മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, കുൽദീപ് യാദവിന്റെയും (4 ഓവറിൽ 19 റൺസ് വഴങ്ങി 3 വിക്കറ്റ്), ജസ്പീത് ഭുമ്രയുടെയും (4 ഓവറിൽ 13 റൺസ് വഴങ്ങി 2 വിക്കറ്റ്) മികച്ച ബൗളിംഗ് ബംഗ്ലാദേശിനെ 146/8 എന്ന നിലയിൽ ഒതുക്കി.