ലങ്കന്‍ പര്യടനം മുടങ്ങിയേക്കും, സഞ്ജുവും കൂട്ടുകാരും അറിയാന്‍

ദേശീയ ടീമില്‍ പ്രവേശനം കഴിവ് തെളിക്കാന്‍ സുവര്‍ണാവരമായി യുവതാരങ്ങള്‍ നോക്കി കാണുന്ന ഇന്ത്യയുടെ ലങ്കന്‍ പര്യടനം മുടങ്ങാന്‍ സാധ്യത കൂടുന്നു. ശ്രീലങ്കയിലും കോവിഡ് മഹാമാരി പടര്‍ന്ന് പിടിയ്ക്കുന്നതാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന, ടി20 പരമ്പരയ്ക്ക് ഭീഷണിയാകുന്നത്.
ജൂലൈയിലാണ് ഇന്ത്യന്‍ ടീം ലങ്കയില്‍ പര്യടനം നടത്തുന്നത്. മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് ഇന്ത്യയുടെ രണ്ടാംനിര ടീം ഇവിടെ കളിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുള്‍പ്പെടെ മുന്‍നിര താരങ്ങളെല്ലാം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്കു പറക്കുന്നതിനാല്‍ യുവനിരയെയാണ് ഇന്ത്യ ലങ്കയിലേക്കു അയക്കുക. ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്പെഷ്യലിസ്റ്റുകള്‍ക്കൊപ്പം ചില യുവതാരങ്ങളും ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കും.
2020ല്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ലങ്കന്‍ പര്യടനമാണ് ഈ വര്‍ഷം നടക്കാന്‍ പോവുന്നത്. അന്നു കൊവിഡ് ഭീഷണിയെ തുടര്‍ന്നു പര്യടനം മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ക്കൂടി മഹാമാരി പര്യടനത്തിനു വില്ലനായി മാറുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലങ്കയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതാണ് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ ആശങ്കയിലാക്കുന്നത്.
കൊവിഡ് 19 കേസുകള്‍ ഉയരുന്നത് തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. പക്ഷെ കൊവിഡ് സമയത്ത് ഇംഗ്ലണ്ടുള്‍പ്പെടെയുള്ള ടീമുകള്‍ക്കെതിരേ ഇവിടെ പരമ്പരകള്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്കായിരുന്നു. ഇനി ഇന്ത്യക്കെതിരേയും ഇവിടെ പരമ്പര കളിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. കേസുകള്‍ ഇനിയും ഉയരാതിരിക്കട്ടെയെന്നുള്ള പ്രാര്‍ഥനയിലാണ് തങ്ങളെന്നും ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിന്റെ മുതിര്‍ന്ന ഒഫീഷ്യല്‍ വ്യക്തമാക്കി.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ് പ്രധാന റോളുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്ന പരമ്പരയില്‍ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ദേവ്ദത്ത് പടിക്കലിനെപ്പോലുള്ള പുതുമുഖങ്ങളുടെ അരങ്ങേറ്റവും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ലങ്കയിലെ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കു അവിടെ പര്യടനം നടത്താനാവുമോയെന്ന കാര്യം കണ്ടുതന്നെ അറിയണം.