രണ്ടാം നിര ടീം, അപമാനിച്ച രണതുംഗയ്ക്ക് ചുട്ടമറുപടിയുമായി ഇന്ത്യന്‍ താരം

Image 3
CricketTeam India

ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ രണ്ടാം നിര ടീമാണെന്ന് ആരോപിച്ച് രംഗത്തെത്തിയ ശ്രീലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയ്ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇക്കാര്യത്തിന് മറുപടി നല്‍കിയത്.

ഇന്ത്യയുടെ പ്രധാന ടീമല്ല ലങ്കയിലെത്തിയിരിക്കുന്നത് എന്നതു ശരി തന്നെയാണ്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി എന്നിവരെപ്പോലുള്ളവര്‍ ഈ ടീമില്‍ ഇല്ല. പക്ഷെ ലങ്കന്‍ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ അവരേക്കാള്‍ മല്‍സരപരിചയമുള്ളതാണ് ഇന്ത്യന്‍ സംഘമെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

‘ലങ്കയിലെ ഇന്ത്യയുടെ ഏകദിന സാധ്യതാ ഇലവനിലെ എല്ലാവരും കൂടി 471 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇതു ഇന്ത്യയുടെ ഫസ്റ്റ് ടീമല്ല. എന്നാല്‍ ശ്രീലങ്ക ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അവരെല്ലാവരും കൂടി എത്ര മല്‍സരങ്ങളില്‍ കളിച്ചെന്നറിയാന്‍ താല്‍പ്പര്യമുണ്ട്’ ചോപ്ര പരിഹസിച്ചു.

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ക്വാറന്റീന്‍ നിബന്ധനകള്‍ പാലിച്ച് ഇന്ത്യയുടെ പ്രധാന ടീമിന് ശ്രീലങ്കയില്‍ പര്യടനം നടത്തുകയെന്നത് അസാധ്യമാണെന്നു ചോപ്ര പറഞ്ഞു. ബിസിസിഐയ്ക്കു മുന്നിലുള്ള മറ്റൊരു ഓപ്ഷന്‍ ടീമിനെ ലങ്കയിലേക്കു ടീമിനെ അയക്കാതിരിക്കുകയെന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ രണ്ടാംനിര ടീം ലങ്കയിലേക്കു വന്നത് ലങ്കന്‍ ക്രിക്കറ്റിനു അപമാനമാണെന്നും ടെലിവിഷന്‍ മാര്‍ക്കറ്റിങ് മുന്നില്‍കണ്ടത് ഇതിനു സമ്മതം മൂളിയതെന്നുമാണ് രണതുംഗ ആരോപിച്ചത്. ഇതിനു പിന്നാലെ ഇന്ത്യയുടെത് ബി ടീം അല്ലെന്നു ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു.