ബംഗ്ളാദേശിനെ കീഴടക്കി ഇന്ത്യ നേടിയത് തകർപ്പൻ റെക്കോർഡ്; മുന്നിലുണ്ടായിരുന്നത് ശ്രീലങ്ക മാത്രം

Image 3
CricketTeam IndiaWorldcup

ആന്റിഗ്വയിൽ നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ ബംഗ്ലാദേശിനെ 50 റൺസിന് തകർത്ത ഇന്ത്യ, ടി20 ലോകകപ്പിൽ ശ്രീലങ്കയുടെ ചരിത്ര നേട്ടത്തിനൊപ്പമെത്തി. ബംഗ്ലാദേശിനെതിരായ ഈ വിജയത്തോടെ, ടി20 ലോകകപ്പിലെ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന ശ്രീലങ്കയുടെ റെക്കോർഡിനൊപ്പം ഇന്ത്യയും എത്തി. ടൈ ആയ മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ ഇത് 33-ാം വിജയമാണ്. സൂപ്പർ ഓവർ വിജയങ്ങൾ ഉൾപ്പെടെ ശ്രീലങ്കയ്ക്കും 33 വിജയങ്ങളാണുള്ളത്.

വിജയത്തോടെ ടി20 ലോകകപ്പുകളിൽ ബംഗ്ലാദേശിനെതിരെ തങ്ങളുടെ അപരാജിത കുതിപ്പ് ഇന്ത്യ തുടർന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ബാറ്റർമാർ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ആറാം നമ്പറിലെത്തിയ ഹാർദിക് പാണ്ഡ്യ അർദ്ധ സെഞ്ചുറി നേടി (27 പന്തിൽ 50 റൺസ്) ഇന്ത്യയെ 196/5 എന്ന മികച്ച സ്കോറിലെത്തിച്ചു. വിരാട് കോലി (27 പന്തിൽ 37 റൺസ്), ഋഷഭ് പന്ത് (24 പന്തിൽ 36 റൺസ്), ശിവം ദുബെ (24 പന്തിൽ 34 റൺസ്) എന്നിവരും മികച്ച സംഭാവനകൾ നൽകി.

ഈ ടൂർണമെന്റിലുടനീളം കാണിച്ച ആക്രമണോത്സുകത ബംഗ്ലാദേശിനെതിരായ ഇന്നിഗ്‌സിലും ഇന്ത്യൻ ബാറ്റർമാർ തുടർന്നു. വിരാടും രോഹിത്തും മികച്ച തുടക്കം നൽകി 39 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി. വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, ബാറ്റർമാർ ആക്രമണോത്സുകത കൈവിട്ടില്ല.

ബൗളിംഗിലും ഇന്ത്യൻ ടീം മികവ് പുലർത്തിയതോടെ ബംഗ്ലാദേശിന് അടിയറവ് പറയേണ്ടിവന്നു. ആദ്യ നാല് ഓവറിൽ വെറും 27 റൺസ് മാത്രം വഴങ്ങിയ ഇന്ത്യൻ ബൗളർമാർ, ഹാർദിക് പാണ്ഡ്യ വിക്കറ്റ് വീഴ്ത്തിയതോടെ കളിയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുത്തു. റൺ റേറ്റ് നിലനിർത്താനുള്ള ശ്രമത്തിൽ ബംഗ്ലാദേശ് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു. നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ, 32 പന്തിൽ നിന്ന് 40 റൺസെടുത്ത് ചെറുത്തുനിന്നെങ്കിലും, ബുംറയുടെ പതിനാറാം ഓവറിൽ പുറത്തായി.
റിഷാദ് ഹൊസൈൻ അവസാന ഓവറുകളിൽ തുടർച്ചയായി ബൗണ്ടറികൾ നേടിയെങ്കിലും ബംഗ്ലാദേശിനെ കരകയറ്റാനായില്ല. ഒടുവിൽ 50 റൺസിന്റെ വിജയവുമായി ഇന്ത്യ കളം വിട്ടു.