ഇന്ത്യ കടുത്ത സമ്മാര്‍ദ്ദത്തില്‍, ധോണിയെ തിരിച്ചുവിളിച്ചത് അതുകൊണ്ടെന്ന് പാക് താരം

ട്വന്റി20 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ്. സമ്മര്‍ദ്ദം താങ്ങാനാകാത്തതിനാലാണ് വിരാട് കോഹ്ലി ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതെന്നും ധോണിയെ മെന്ററായി ടീമിലെത്തിച്ചതെന്നും തന്‍വീര്‍ വിലയിരുത്തുന്നു.

ഈ മാസം 24ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടാനിരിക്കെയാണ് ഇന്ത്യയെ പരിഹസിച്ച് തന്‍വീറിന്റെ രംഗപ്രെവേശനം. മുന്‍ ഇന്ത്യന്‍ താരങ്ങളായ കപില്‍ ദേവ്, വീരേന്ദര്‍ സേവാഗ് തുടങ്ങിയവര്‍ കൂടി പങ്കെടുത്ത എബിപി ന്യൂസിന്റെ പരിപാടിയിലാണ് ഇന്ത്യയുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് തന്‍വീര്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യ മികച്ച ടീമാണെങ്കിലും അവരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഘടകങ്ങള്‍ പലതുണ്ടെന്ന് തന്‍വീര്‍ പറഞ്ഞു.

‘കടലാസില്‍ ഇന്ത്യ തന്നെയാണ് കരുത്തരെന്നതില്‍ സംശയമില്ല. ഏതാനും വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ ചെന്ന് ഇന്ത്യ പുറത്തെടുക്കുന്ന പ്രകടനം തന്നെ അതിന് സാക്ഷ്യമാണ്. പക്ഷേ, ഇന്ത്യയുടെ സമീപകാല ഫോം നോക്കൂ. ആദ്യം തന്നെ വിരാട് കോലിയേക്കുറിച്ച് സംസാരിക്കാം. കടുത്ത സമ്മര്‍ദ്ദം കാരണമാണ് ലോകകപ്പിനു മുന്‍പുതന്നെ അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്. തന്റെ പ്രകടനം മോശമായതുകൊണ്ട് ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുവെന്നാണ് കോലി അറിയിച്ചത്’ തന്‍വീര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി.

ലോകകപ്പിനു തൊട്ടുമുന്‍പ് യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇന്ത്യന്‍ ലോകകപ്പ് ടീമിലെ താരങ്ങളുടെ പ്രകടനം മോശമായിരുന്നുവെന്ന് തന്‍വീര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി. മഹേന്ദ്രസിങ് ധോണിയെ മെന്ററായി കൊണ്ടുവന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നതിതാണ്.

‘ധോണിയെ ലോകകപ്പ് ടീമിന്റെ മെന്ററായി നിയോഗിച്ചതും ഈ സമ്മര്‍ദ്ദം കാരണം തന്നെയാകും. ഐപിഎലിലെ പ്രകടനം തന്നെ നോക്കിയാല്‍ അറിയാം, ഇന്ത്യന്‍ ടീമിലുള്ള ആരും തന്നെ ഏറ്റവും മികച്ച 10 താരങ്ങളുടെ കൂട്ടത്തിലില്ല. അവരുടെ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും അത്ര ഫോമിലായിരുന്നില്ല. അവര്‍ക്കു സമ്മര്‍ദ്ദമുണ്ടെന്നു തീര്‍ച്ചയല്ലേ’ തന്‍വീര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യപാക്കിസ്ഥാന്‍ മത്സരം നടക്കുന്ന ദുബായില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളതിന്റെ അനൂകൂല്യം പാക്കിസ്ഥാന് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘പാക്കിസ്ഥാന്റെ കാര്യം നോക്കൂ. ദുബായില്‍ വളരെയധികം മത്സരങ്ങള്‍ കളിക്കുന്നവരാണ് അവര്‍. അതുകൊണ്ടുതന്നെ വേദിയെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും അവര്‍ക്ക് ഇന്ത്യയേക്കാള്‍ ധാരണയുണ്ടാകും. കടലാസില്‍ ഇന്ത്യയാണ് കരുത്തരെന്ന് സമ്മതിച്ചു. പക്ഷേ, ട്വന്റി20 ക്രിക്കറ്റില്‍ അത്തരം കാര്യങ്ങളൊന്നും പ്രസക്തമല്ല. ഒറ്റ താരത്തിന്റെ മികവില്‍ വിജയം നേടാനാകും’ തന്‍വീര്‍ പറഞ്ഞു.

 

You Might Also Like