ലോകം ആ പരമ്പര കാണാന്‍ ആഗ്രഹിക്കുന്നു, ആഷസെല്ലാം ചാരമാകുമെന്ന് ഇന്‍സാമാമുല്‍ ഹഖ്

ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് പരമ്പര പുനരാരംഭിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുന്‍ പാക് നായകന്‍ ഇന്‍സമാമുല്‍ ഹഖ് രംഗത്ത്. ക്രിക്കറ്റിലെ ഏറ്റവും വലിയ ടെസ്റ്റ് പരമ്പരയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആഷസിനേക്കാള്‍ കൂടുതല്‍ പേര്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ- പാക് പോരാട്ടമാണെന്നും അതുകൊണ്ടു ആ പരമ്പര പുനരാരംഭിക്കണമെന്ന ഇന്‍സമാം അഭ്യര്‍ത്ഥിക്കുന്നു.
ആഷസിനേക്കാള്‍ കൂടുതല്‍ പേര്‍ പിന്തുടരുന്നത് ഇന്ത്യ- പാകിസ്താന്‍ പരമ്പരയാണ ക്രിക്കറ്റെന്ന ഗെയിം ഇനിയും മെച്ചപ്പെടുന്നതിനും കളിക്കാര്‍ക്കും വേണ്ടി ഏഷ്യാ കപ്പും ഇന്ത്യ- പാക് പരമ്പരയും നടക്കണമെന്നത് പ്രധാനമാണ്. അവിടെ നമുക്ക് പരസ്പരം ഏറ്റുമുട്ടാന്‍ കഴിയും. മഹത്തായ അനുഭവം തന്നെയാണിത്’ ഇന്‍സി പറയുന്നു.
സീനിയര്‍ താരങ്ങളില്‍ നിന്നും യുവതലമുറയ്ക്കു പലതും പഠിക്കാന്‍ മുമ്പ് നടന്ന ഇന്ത്യ- പാക് പരമ്പരകള്‍ സഹായിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ജാവേദ് മിയാന്‍ദാദ് തുടങ്ങി ആരുമാവട്ടെ യുവതാരങ്ങള്‍ക്കു ഇവരെ സമീപിക്കാനും ഉപദേശങ്ങള്‍ തേടാനുമുള്ള അവസരമായിരുന്നു ഈ പരമ്പരകള്‍ നല്‍കിയിരുന്നത്. ഒരു താരത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയായിരുന്നു ഇത്’ ഇന്‍സി ഓര്‍ക്കുന്നു.
കളിക്കളത്തിലെത്തിയാല്‍ വലിയ വീറും വാശിയുമാണ് ഇന്ത്യ, പാക് താരങ്ങള്‍ പുറത്തെടുക്കാറുള്ളത്. എന്നാല്‍ കളി കഴിഞ്ഞാല്‍ പരസ്പരം ബഹുമാനിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നവരായിരുന്നു താരങ്ങള്‍. ഇന്ത്യ- പാകിസ്താന്‍ പരമ്പര പുനരാരംഭിച്ചെങ്കില്‍ എന്നു താന്‍ ആഗ്രഹിച്ചു പോവുകയാണെന്നും ഇന്‍സി പറഞ്ഞു.
ഓരോ ടൂര്‍ണമെന്റുകളും പ്രധാനപ്പെട്ടതു തന്നെയാണ്. ഞങ്ങളുടെ സമയത്തു മുന്‍നിര ടീമുകള്‍ മല്‍സരിച്ചിരുന്ന ടൂര്‍ണമെന്റായിരുന്നു ഏഷ്യാ കപ്പ്. എത്ര ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്നോ അത്രയും നിങ്ങളുടെ കഴിവും മെച്ചപ്പെടുകയാണ്. ഇന്ത്യ- പാക് പോരാട്ടം നടക്കുകയാണെങ്കില്‍ ഇരുടീമുകളിലെയും കളിക്കാര്‍ തങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കാനാണ് ശ്രമിക്കാറുള്ള്. കാരണം ഈ മല്‍സരത്തിന്റെ പ്രാധാന്യവും ആവേശവുമെല്ലാം അവര്‍ക്കറിയാം. ഇതു ഒരു താരത്തെ കൂടുതല്‍ വളരാന്‍ അനുവദിക്കുന്നുവെന്നു മാത്രമല്ല ആരാധകര്‍ക്കിടയില്‍ വലിയ പ്രശംസ ലഭിക്കാനും ഇടയാക്കുന്നു. അതുകൊണ്ടു തന്നെ ഈ തരത്തിലുള്ള ടൂര്‍ണമെന്റുകള്‍ പ്രധാനമാണെന്നും ഇന്‍സി നിരീക്ഷിച്ചു
2012-13ലായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനമായി ഒരു പരമ്പരയില്‍ ഏറ്റുമുട്ടിയത്. അന്നു പാക് ടീം ഇന്ത്യയില്‍ പര്യടനം നടത്തുകയായിരുന്നു, ഏകദിന, ടി20 പരമ്പരകളിലായിരുന്നു ഇരുടീമുകളും ഏറ്റുമുട്ടിയത്. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തില്‍ വിള്ളല്‍ വീണതോടെ പിന്നീട് ഒരു പരമ്പരയും നടത്തിട്ടില്ല.