ശ്വാസമടക്കിയിരുന്നോളൂ, ഇന്ത്യ-പാക് പരമ്പര മറ്റൊരു രാജ്യത്ത് പ്രഖ്യാപിക്കുന്നു

Image 3
CricketCricket NewsFeatured

ക്രിക്കറ്റ് ലോകം എന്നും ശ്വാസമടക്കിപിടിച്ച് കാണുന്ന മത്സരങ്ങളാണ് ഇന്ത്യ-പാക് പോരാട്ടം. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം നടക്കുന്നത്. നീണ്ട 16 വര്‍ഷങ്ങള്‍്ക്ക ശേഷം ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര പുനസംഘടിപ്പിക്കാനുളള ചില നീക്കങ്ങള്‍ നടക്കുന്നതായുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇതിനായി കരുക്കള്‍ നീക്കുന്നത്. ഇന്ത്യ- പാക് പരമ്പരക്ക് വേദിയൊരുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരിക്കുന്നത്.

ഇതിനായുള്ള ചര്‍ച്ചകള്‍ പലരീതിയില്‍ പുരോഗമിക്കുകയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ നിക്ക് ഹോക്ലിയാണ് ഇതേ സംബന്ധിച്ചുള്ള സൂചനകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ബിസിസിഐയോ പിസിബിയോ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

മുന്‍പ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത്തരത്തില്‍ ഇന്ത്യക്കെതിരെ ഒരു ദ്വിരാഷ്ട്ര പരമ്പര നടത്തുന്നതില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഏതു വേദിയിലും ഇന്ത്യയുമായി പരമ്പര കളിക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുകയുണ്ടായി. പക്ഷേ അന്ന് ബിസിസിഐ ഇതിനെ അനുകൂലിച്ചിരുന്നില്ല.

പാകിസ്ഥാനും ഇന്ത്യയ്ക്കും പുറമെ ഈ പരമ്പരയില്‍ ഓസ്‌ട്രേലിയ കൂടി അണിനിരക്കുമെന്നാണ് സൂചന. ഇതോടെ ഈ പരമ്പര മറ്റൊരു തലത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. കൂടാതെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് വലിയ ലാഭവും ഈ പരമ്പര ഉണ്ടാക്കി കൊടുത്തേക്കും.

അതെസമയം 2025ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. പാകിസ്ഥാനിലാണ് വേദി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറിലാണെന്നാണ് സൂചന.