ഇന്ത്യ-പാക് ലോകകപ്പ് ടി20 മത്സരം ഒഴിവാക്കാന്‍ കേന്ദ്ര നീക്കം

യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ ആവേശത്തോടെയാണല്ലോ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം പുനഃപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പരസ്യമായി ആവശ്യപ്പെട്ടും കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയില്‍ അല്ലാത്തതിനാല്‍ പാകിസ്താനുമായി ഒക്ടോബര്‍ 24ന് നടക്കാനിരിക്കുന്ന മത്സരം പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അത്ര നല്ലനിലയില്‍ അല്ലെങ്കില്‍ മത്സരം തീര്‍ച്ചയായും പുനഃപരിശോധിക്കണം. ജമ്മുകശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യ-പാക് മത്സരം നടക്കേണ്ടതുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയോട് ലോകകപ്പ് സംഘാടകരായ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

You Might Also Like