ഹീറോ അര്‍ഷദീപില്‍ നിന്നും സീറോ ആവേശിലേക്ക്, ഇന്ത്യ മത്സരം നഷ്ടപ്പെടുത്തിയതിങ്ങനെ
വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20 ജയത്തിനരികില്‍ നിന്നാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. അവസാന രണ്ടോവറില്‍ 16 റണ്‍സ് മാത്രം വേണമെന്നിരിക്കെ 19ാം ഓവര്‍ എറിഞ്ഞ അര്‍ഷദീപ് സിംഗ് കേവലം ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. കൂടാതെ വമ്പനടിയ്ക്കാരന്‍ റോവ്മാന്‍ പവലിനെ പുറത്താക്കുകയും ചെയ്തു.
ഇതോടെ ഇന്ത്യ വിജയവും സ്വപ്‌നം കണ്ട് തുടങ്ങി. എന്നാല്‍ അവസാന ഓവറില്‍ രോഹിത്ത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി മണ്ടത്തരം ഇന്ത്യയുടെ എല്ലാ സ്വപ്‌നങ്ങളും തകര്‍ക്കുകയായിരുന്നു. അവസാന ഓവറില്‍ 10 റണ്‍സ് വേണമെന്നിരിക്കെ ഭുവനേശ്വര്‍ കുമാറിന് ഓവര്‍ ഉണ്ടായിരുന്നിട്ടും ആവേശ് ഖാനാണ് രോഹിത്ത് പന്തേല്‍പിച്ചത്. ഇത് പണി ചോദിച്ചുവാങ്ങുന്ന പോലെയായിരുന്നു.
അവസാന ഓവറില്‍ ഒഡിയന്‍ സ്മിത്തായിരുന്നു ക്രീസില്‍ എന്നാല്‍, ആദ്യ പന്തില്‍ നോബോള്‍ എറിഞ്ഞ ആവേശ് ഒരു സിംഗിള്‍ വഴങ്ങി. ഫ്രീഹിറ്റായി എറിഞ്ഞ രണ്ടാം പന്തില്‍ (19.1 ഓവര്‍) ദേവോണ്‍ തോമസ് സിക്‌സും തൊട്ടടുത്ത പന്തില്‍ ഫോറും നേടി വിന്‍ഡീസിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.
സ്‌കോര്‍ ഇന്ത്യ 19.4 ഓവറില്‍ 138. വിന്‍ഡീസ് 19.2 ഓവറില്‍ 141/5.
നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ നാലോവറില്‍ 17 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടിയ ഒബെഡ് മക്കോയാണ് ചുരുക്കികെട്ടിയത്. ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അല്‍സാരി ജോസഫ്, അകീല്‍ ഹോസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
31 പന്തില്‍ 31 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും 30 പന്തില്‍ 27 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 12 പന്തില്‍ 24 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ പൂജ്യനായി പുറത്തായി. സൂര്യകുമാര്‍ യാദവ് (11), ശ്രേയസ് അയ്യര്‍ (10), ദിനേഷ് കാര്‍ത്തിക് (7) എന്നിവര്‍ നിരാശപ്പെടുത്തി. രവിചന്ദ്ര അശ്വിന്‍ 10 റണ്‍സെടുത്തു. വിന്‍ഡീസിന് വേണ്ടി മക്കോയിയെ കൂടാതെ ജേസന്‍ ഹോള്‍ഡര്‍ രണ്ടും അല്‍സാരി ജോസഫി, അക്കീല്‍ ഹൊസെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.