വെടിക്കെട്ട്, സംഹാരിയായി ഇര്‍ഫാന്‍ പത്താന്‍, പൊരുതി വീണ് ഇന്ത്യ

Image 3
CricketTeam India

റായ്പൂര്‍: റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യ ലെജന്റ്സിന് തോല്‍വി. കരുത്തരായ ഇംഗ്ലണ്ട് ഇംഗ്ലണ്ട് ലെജന്റ്സ് ആണ് ഇന്ത്യയുടെ വിജയത്തിന് കടിഞ്ഞാണിട്ടത്. ഒരു ഘട്ടത്തില്‍ വന്‍ തോല്‍വി മുന്നില്‍കണ്ട ഇന്ത്യയെ ഇര്‍ഫാന്‍ തന്റെ മാസ്മരിക ഇന്നിംഗ്‌സിലൂടെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വരുകയായിരുന്നു. എന്നാല്‍ ആറു റണ്‍സകലെ ജയം കൈവിടുകയായിരുന്നു.

സ്‌കോര്‍: ഇംഗ്ലണ്ട് ലെജന്റ്സ് ഏഴിന് 188. ഇന്ത്യ ലെജന്റ്സ് ഏഴിന് 182.

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച പീറ്റേഴ്സന്റെ വെടിക്കെട്ട് ബാറ്റിങും (75) ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ മോണ്ടി പനേസറുടെ (മൂന്നു വിക്കറ്റ്) ഉജ്ജ്വല ബൗളിങുമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിനു അടിത്തറയിട്ടത്. ഇന്ത്യന്‍ നിരയില്‍ ഇര്‍ഫാന്‍ പഠാന്‍ (61*), മന്‍പ്രീത് ഗോണി (35*), യുവരാജ് സിങ് (22) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

ടോസിനു ശേഷം സച്ചിന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പീറ്റേഴ്സന്റെ പ്രകടനം സച്ചിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. വെറും 37 ബോളില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്സറുമടക്കം പീറ്റേഴ്സന്‍ വാരിക്കൂട്ടിയത്് 75 റണ്‍സാണ്. നിശ്ചിത 20 ഓവറില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 188 റണ്‍സ് അടിച്ചെടുത്തു. ഡാരന്‍ മാഡി (29), ക്രിസ് സ്‌കോഫീല്‍ഡ് (15), ഗാവിന്‍ ഹാമില്‍റ്റണ്‍ (15), ഫില്‍ മസ്റ്റാര്‍ഡ് (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കു വേണ്ടി യൂസുഫ് പഠാന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍, മുനാഫ് പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

189 റണ്‍സിന്റെ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ മികച്ച തുടക്കം ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ ഓവറില്‍ തന്നെ ഇന്ത്യക്കു വീരേന്ദര്‍ സെവാഗിനെ നഷ്ടമായി. മാത്യു ഹൊഗാര്‍ഡിനെതിരേ ബൗണ്ടറി പായിച്ച സെവാഗ് (6) തൊട്ടടുത്ത ബോളില്‍ ക്യാച്ചായി മടങ്ങി. തൊട്ടടുത്ത ഓവറില്‍ നായകന്‍ സച്ചിന്‍, മുഹമ്മദ് കൈഫ് എന്നിവരെ പുറത്താക്കി പനേസര്‍ ഇന്ത്യയെ നിസാഹയരാക്കി.

മൂന്നിന 17 റണ്‍സില്‍ നിന്നും ഇന്ത്യ ഒരു ഘട്ടത്തില്‍ ഏഴിന് 119 റണ്‍സിലേക്കു വീണിരുന്നു. എസ് ബദ്രിനാഥ് (8), യുവരാജ് സിങ് (22), യൂസുഫ് പത്താന്‍ (17), നമാന്‍ ഓജ (12) എന്നിവര്‍ അടുത്തടുത്ത ഇടവേളകളില്‍ മടങ്ങിയത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.

എന്നാല്‍ എട്ടാം വിക്കറ്റില്‍ ഇര്‍ഫാന് കൂട്ടായി മന്‍പ്രീത് ഗോണി വന്നതോടെ കളിയുടെ ഗതി മാറി. 63 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. 34 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്സറുമടക്കം ഇര്‍ഫാന്‍ പുറത്താവാതെ 61 റണ്‍സ് വാരിക്കൂട്ടി. ഗോണിയാവട്ടെ 16 ബോളില്‍ നാലു സിക്സറും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 35 റണ്‍സും നേടി. അവസാന രണ്ടു ബോളില്‍ എട്ടു റണ്‍സായിരുന്നു ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ സ്ട്രൈക്ക് നേരിട്ട ഗോണിക്കു ഒരു റണ്‍സ് മാത്രമേ നേടാനായുള്ളൂ.