വൈറ്റ് വാഷ് എന്ന വലിയ നാണക്കേട് ഒഴിവാക്കണം, സര്‍പ്രൈസ് താരം ടീം ഇന്ത്യയിലേക്ക്

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെ വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാനുളള ബദ്ധപ്പാടിലാണ് ടീം ഇന്ത്യ. ബുധനാഴ്ച്ച കാന്‍ബറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം നടക്കുക.
ഇന്ത്യന്‍ ഇലവനില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് മത്സരത്തിലും പരാജയപ്പെട്ട പേസര്‍ സെയ്‌നിയ്ക്ക് പകരം ഷര്‍ദുല്‍ താക്കൂറിനെയാവുമോ, നടരാജനെയോ ഇറക്കിയേക്കും എന്നാണ് ലഭിക്കുന്ന വിവരം. 27 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച അനുഭവസമ്പത്തുള്ള ഷര്‍ദുളിനെ സെയ്നിക്ക് പകരം ഇറക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍ മത്സര ഫലം കാര്യമല്ലാത്ത മൂന്നാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ നടരാജന് അവസരം നല്‍കിയേക്കും എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.
നടരാജന്റെ വേരിയേഷനുകള്‍ ഇന്ത്യയെ തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാന്‍ബറയില്‍ സ്വിങ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതും, നടരാജന്റെ കട്ടറുകളും ബൗളിങ്ങിലെ ഇന്ത്യയുടെ മൂര്‍ച്ച കൂട്ടും. കഴിഞ്ഞ രണ്ട് ഏകദിനങ്ങളില്‍ നിന്നായി 69 ബൗണ്ടറിയും 19 സിക്സുമാണ് ഇന്ത്യക്കെതിരെ ഓസീസ് ബാറ്റ്സ്മാന്മാര്‍ നേടിയത്.
രണ്ട് ഏകദിനത്തിലും തുടരെ 62 പന്തില്‍ സെഞ്ചുറി കണ്ടെത്താന്‍ സ്മിത്തിനായി. മാക്സ് വെല്ലും രണ്ട് ഏകദിനത്തിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 100ന് മുകളില്‍ രണ്ട് ഇന്നിങ്സിലും ഓസീസ് ഓപ്പണര്‍മാര്‍ കൂട്ടുകെട്ട് ഉയര്‍ത്തി. ബൗളര്‍മാരെ കോഹ് ലി ശരിയായി ഉപയോഗിക്കാതിരുന്നത് കൊണ്ടാണ് ഇതെല്ലാം എന്ന വിമര്‍ശനവും ഇന്ത്യന്‍ നായകനെതിരെ ഉയര്‍ന്നിരുന്നു.