മൂന്നാം അമ്പയര്‍ ഇന്ത്യയ്‌ക്കൊപ്പം, ഗുരുതര ആരോണങ്ങളുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

Image 3
CricketTeam India

അഹമ്മദാബാദില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ അമ്പയര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ആദ്യ ദിനം തേര്‍ഡ് അമ്പയറിന്റെ അശ്രദ്ധയിലൂടെ രണ്ട് തീരുമാനങ്ങള്‍ ഇന്ത്യക്ക് അനുകൂലമായതായി ഇംഗ്ലണ്ട് ടീം ആരോപിക്കുന്നു.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും, പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡും ഇക്കാര്യം മാച്ച് റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിച്ചു.

ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കാന്‍ ബെന്‍ സ്റ്റോക്ക്സ് എടുത്ത ക്യാച്ച്, രോഹിത് ശര്‍മയുടെ സ്റ്റംപിങ് എന്നിവയിലെ തേര്‍ഡ് അമ്പയറുടെ തീരുമാനമാണ് ഇംഗ്ലണ്ടിനെ പ്രകോപിതരാക്കുന്നത്. തേര്‍ഡ് അമ്പയറായ ഷംസുദ്ധീന്‍ എല്ലാ ആംഗിളുകളില്‍ നിന്നും റിപ്ലേ പരിശോധിക്കാതെ തിടുക്കത്തില്‍ ഇന്ത്യക്ക് അനുകൂലമായി വിധി പറഞ്ഞെന്നാണ് ഇംഗ്ലണ്ട് ടീം പറയുന്നത്.

അമ്പയറുടെ നടപടി ചോദ്യം ചെയ്തുള്ള റൂട്ടിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കിലും പതിഞ്ഞു. ജാക്ക് ലീച്ചിന്റെ ക്യാച്ച് 5,6 ആംഗിളുകളില്‍ പരിശോധിച്ചു. എന്നാല്‍ രോഹിത്തിന്റേയും ശുഭ്മാന്‍ ഗില്ലിന്റേയും കാര്യത്തിലേക്ക് വന്നപ്പോള്‍ അതുപോലെ ഉണ്ടായില്ല എന്നത് അസ്വസ്ഥപ്പെടുത്തിയെന്ന് ഇംഗ്ലണ്ട് താരം സാക്ക് ക്രൗലി പറഞ്ഞു.

മത്സരത്തില്‍ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് എത്താന്‍ 13 റണ്‍സ് കൂടിയാണ് ഇന്ത്യക്ക് മറികടക്കേണ്ടത്.