ഹര്‍ഷിത് തീയായി, ഇന്ത്യ എ പുറത്ത്, ഇനി സഞ്ജുവിന്റെ ഊഴം

Image 3
CricketCricket NewsFeatured

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയ്‌ക്കെതിരെ ഇന്ത്യ എ 290 റണ്‍സിന് പുറത്ത്. ആദ്യ ദിനം എട്ടിന് 288 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാംഭിച്ച ഇന്ത്യ എ രണ്ട് റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡിലെത്തിക്കുമ്പോഴേക്കും ഓള്‍ ഔട്ടാകുകയായിരുന്നു. ഇന്നത്തെ രണ്ട് വിക്കറ്റും ഹര്‍ഷിത് റാണയാണ് സ്വന്തമാക്കിയത്.

ഇന്ത്യ എയ്ക്കായി പൊരുതിയ ശംസ് മുളാനി ആണ് ആദ്യ പുറത്തായത്. 187 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 89 റണ്‍സാണ് മുളാനി നേടിയത്. പിന്നാലെ തൊട്ടടുത്ത പന്തില്‍ പതിനൊന്നാമന്‍ ആഖിബ് ഖാനും മടങ്ങി.

17.3 ഓവറില്‍ 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ഹര്‍ഷിത് റാണ വീഴ്ത്തിയത്. കവരപ്പയും അര്‍ഷദീപ് സിംഗും രണ്ട വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ സ്രാന്‍ഷ് ജെയ്‌നും സൗരഭ് കുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യ ഡി ടീമില്‍ കളിയ്ക്കുന്നുണ്ട്. സഞ്ജുവിനെ കൂടാതെ മറ്റൊരു പാതി മലയാളി ദേവ്ദത്ത് പടിക്കലും ഇന്ത്യ ഡി ടീമിലുണ്ട്. ഇരുവരുടേയും ബാറ്റിംഗ് എങ്ങനെയാകുമെന്നറിയാന്‍ ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.