ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കുതിപ്പ്, ഫൈനല്‍ ഉറപ്പിക്കാന്‍ ഇനിയുളള കടമ്പകളിങ്ങനെ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. നാലാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേയ്ക്കാണ് ഇന്ത്യ കുതിച്ച് കയറിയത്.

69.7 പോയിന്റ് ശരാശരിയാണ് ഇന്ത്യക്കുള്ളത്. 460 പോയിന്റും ഇന്ത്യയുടെ പേരിലായി. 70.0 പോയിന്റുമാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ന്യൂസിലാന്‍ഡ് ആണ്. രണ്ടാം ടെസ്റ്റില്‍ തോറ്റതോടെ 67.0 പോയിന്റോടെ ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് വീണു. 69.2 പോയിന്റുമായി ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ ഒരു ടെസ്റ്റ് ജയം കൂടി വേണം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍. ന്യൂസിലാന്‍ഡ് ഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. പിങ്ക് ബോള്‍ ടെസ്റ്റ് ആണ് ഇനി ഇന്ത്യക്ക് മുന്‍പിലുള്ളത്. ഇവിടെ ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു.

ലോക ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് പരമ്പര കൂടിയാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്. അതുകൊണ്ടു തന്നെ ഈ പരമ്പരയില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ കഴിയൂ. ഇംഗ്ലണ്ടിനെതിരേ ഏതു മാര്‍ജിനില്‍ (2-1, 3-1) പരമ്പര നേടിയാലും ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാം.

ഇംഗ്ലണ്ടിനെതിരായ ചെന്നൈയിലെ 317 റണ്‍സ് ജയമാണ് ഇന്ത്യയെ മുന്‍പോട്ട് കയറ്റിയത്. ആദ്യ ടെസ്റ്റിലേറ്റ 227 റണ്‍സിന്റെ കനത്ത തോല്‍വിക്കു ഇന്ത്യ പകരം വീട്ടുകയായിരുന്നു. ജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-1 എന്ന് സമനിലയിലാക്കി.

 

You Might Also Like