ടി20യില്‍ ടീം ഇന്ത്യയില്‍ നിന്ന് ഷമിയെ പുറത്താക്കണമെന്ന് ഇന്ത്യന്‍ താരം, പന്ത് കൊണ്ട് ഷമിയുടെ മറുപടി

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ടി20യ്ക്ക് അനുയോജ്യനായ കളിക്കാരനല്ലെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ട്വന്റി20 ഫോര്‍മാറ്റിനു ചേരുന്ന താരങ്ങളെ കണ്ടെത്തി ടീമിനൊപ്പം ചേര്‍ക്കണമെന്നും മഞ്ജരേക്കര്‍ പറയുന്നു.

ഇന്ന് സ്‌കോട്ലന്‍ഡിനെതിരായ മത്സരത്തിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ് ഷമി ട്വന്റി20ക്കു ചേരുന്ന ബോളറല്ലെന്ന മഞ്ജരേക്കറുടെ ആരോപണം. എന്നാല്‍ മത്സരത്തില്‍ മൂന്ന് ഓവറില്‍ ഒരു മെയ്ഡിനക്കം 15 റണ്‍സ് മാത്രം വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി മഞ്ജരേക്കറുടെ ആരോപണത്തിന് പന്ത് കൊണ്ട് ഷമി മറുപടി നല്‍കി.

ടി20 ലോകകപ്പില്‍ പാക്കിസ്ഥാനും ന്യൂസീലന്‍ഡിനുമെതിരായ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും ഷമി മൂന്നു വിക്കറ്റ് പിഴുതിരുന്നു.

‘ട്വന്റി20 ടീമിന്റെ കാര്യത്തില്‍ ഇന്ത്യ ചില പുനരാലോചനകള്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ ടീമിലുള്ള ചില താരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കണം. അവര്‍ ഈ ഫോര്‍മാറ്റിനേക്കാളും മറ്റു ചില ഫോര്‍മാറ്റുകള്‍ക്ക് ചേരുന്നവരാണെങ്കില്‍ മാറ്റിനിര്‍ത്തണം.’ മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.

‘ഈ ഫോര്‍മാറ്റില്‍ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കില്‍ക്കൂടി മറ്റു ഫോര്‍മാറ്റുകളില്‍ ടീമിനു കരുത്തു പകരാന്‍ കഴിയുന്ന ചില താരങ്ങളുണ്ട്. ഉദാഹരണത്തിന് മുഹമ്മദ് ഷമി. ഇന്ത്യന്‍ ടെസ്റ്റ് ടീമിന് ഷമി എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്ന് നമുക്കറിയാം. പക്ഷേ, ട്വന്റി20യില്‍ കഴിഞ്ഞ ദിവസം ഞാന്‍ നോക്കുമ്പോള്‍ ഷമിയുെട ശരാശരി ഒന്‍പതു റണ്‍സിന് അടുത്താണ്. അദ്ദേഹം അഫ്ഗാനിസ്ഥാനെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞു എന്നത് ശരിതന്നെ. പക്ഷേ, ട്വന്റി20യില്‍ ഷമിയേക്കാള്‍ മികച്ച ബോളര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്’ മഞ്ജരേക്കര്‍ പറഞ്ഞു.

ട്വന്റി20 ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ താരങ്ങളുടെ ടെസ്റ്റിലെയും ഏകദിനത്തിലെയും പ്രകടനം പരിഗണിക്കരുതെന്നും മഞ്ജരേക്കര്‍ സിലക്ടര്‍മാരോട് ആവശ്യപ്പെട്ടു. ടെസ്റ്റില്‍ മികച്ച താരമായ രവിചന്ദ്രന്‍ അശ്വിന്റെ കാര്യത്തിലും ഇന്ത്യ സമാനമായ പിഴവാണ് ആവര്‍ത്തിക്കുന്നതെന്ന് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.

You Might Also Like