പകരം വീട്ടാൻ സമയമായി; ഇന്ത്യ വിചാരിച്ചാൽ ഓസീസിനെ ലോകകപ്പിൽ നിന്നും പുറത്താക്കാം

Image 3
CricketTeam IndiaWorldcup

ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവർ അടങ്ങുന്ന ‘സൂപ്പർ 8’ സ്റ്റേജിലെ ഗ്രൂപ്പ് 1 നാടകീയമായ അന്ത്യത്തിന് കാത്തിരിക്കുകയാണ്. സെമി ഫൈനലിലെ രണ്ട് സ്ഥാനങ്ങൾക്കായി ഗ്രൂപ്പിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

ടി20 ലോകകപ്പിലെ അടുത്ത മത്സരം ഇന്ത്യയ്‌ക്കെതിരെയാകുന്നത് ഓസ്‌ട്രേലിയയുടെ ഉറക്കം കെടുത്തുക തന്നെ ചെയ്യും. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് മറുപടി ഈ മത്സരത്തിലൂടെ ഇന്ത്യക്ക് നൽകാനാവും. ഞായറാഴ്ച സെന്റ് വിൻസെന്റിൽ അഫ്‌ഗാനിസ്ഥാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയയ്ക്ക്, ടൂർണമെന്റിലെ അവസാന മത്സരമായി ഈ മത്സരം മാറിയേക്കാം.

കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് അഫ്‌ഗാനിസ്ഥാനെ തോൽപ്പിച്ചു സെമിയിലെത്താൻ സുവർണാവസരമായിരുന്നു. എന്നാൽ അഫ്‌ഗാനിസ്ഥാന്റെ ചരിത്ര വിജയത്തോടെ ഗ്രൂപ്പ് 1 ൽ നിന്ന് ഒരു ടീമും ഔദ്യോഗികമായി സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടില്ല എന്ന അവസ്ഥയിൽ ഗ്രൂപ്പ് എത്തിനിൽക്കുന്നു. ഇന്ത്യക്ക് മാത്രമാണ് വ്യക്തമായ മുൻതൂക്കമെങ്കിലും അവകാശപ്പെടാനുള്ളത്. ലഭ്യമായ രണ്ടാമത്തെ സ്ഥാനത്തിനായി ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മിൽ ഇനി കടുത്ത മത്സരം തന്നെ നടക്കും. രണ്ട് മത്സരങ്ങളിലും തോറ്റ ബംഗ്ലാദേശ് ഏതായാലും ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു.

ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ

ഇന്ത്യ vs ഓസ്‌ട്രേലിയ (8 pm IST, ജൂൺ 24),
അഫ്‌ഗാനിസ്ഥാൻ vs ബംഗ്ലാദേശ് (6 am IST, ജൂൺ 25)

ടൂർണമെന്റിന്റെ അവസാന നാലിലേക്ക് ഏതൊക്കെ ടീമുകൾ മുന്നേറുമെന്ന് ഈ മത്സരങ്ങൾ തീരുമാനിക്കും.

നിലവിലെ ഗ്രൂപ്പ് 1 സ്റ്റാൻഡിംഗ്സ്

ഇന്ത്യ: 2 മത്സരങ്ങൾ – 2 വിജയങ്ങൾ | 4 പോയിന്റ് | NRR +2.425
ഓസ്‌ട്രേലിയ: 2 മത്സരങ്ങൾ | 1 വിജയം | 1 തോൽവി | 2 പോയിന്റ് | NRR +0.223
അഫ്‌ഗാനിസ്ഥാൻ: 2 മത്സരങ്ങൾ | 1 വിജയം | 1 തോൽവി | 2 പോയിന്റ് | NRR -0.650
ബംഗ്ലാദേശ്: 2 മത്സരങ്ങൾ | 2 തോൽവികൾ | 0 പോയിന്റ് | NRR -2.489

സാധ്യമായ സാഹചര്യങ്ങൾ ഇതാ:

ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിക്കുകയും അഫ്‌ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ വിജയിക്കുകയും അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ, രണ്ട് ടീമുകളും നാല് പോയിന്റിൽ എത്തും. ഇവിടെ നെറ്റ് റൺ റേറ്റ് (NRR) നിർണായകമാകും. അതത് മത്സരങ്ങളിൽ ഓസ്‌ട്രേലിയയും അഫ്‌ഗാനിസ്ഥാനും വിജയിക്കുന്നത് ഇന്ത്യയെയും നാല് പോയിന്റിൽ എത്തിക്കും. മികച്ച NRR ഉള്ള രണ്ട് ടീമുകൾ സെമിയിലേക്ക് മുന്നേറും. വലിയ മാർജിനിൽ ഇരുടീമുകൾക്കും വിജയിക്കാനായില്ലെങ്കിൽ ഇന്ത്യ പേടിക്കേണ്ടതില്ല.

ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിക്കുകയും ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാനെ തോൽപ്പിക്കുകയും ചെയ്താൽ

അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യ ഗ്രൂപ്പ് ടോപ്പറായി മുന്നേറും, അതേസമയം ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർ രണ്ട് പോയിന്റിൽ തുല്യരായിരിക്കും. മികച്ച NRR ഉള്ള ടീം ഇന്ത്യയ്‌ക്കൊപ്പം സെമിയിലേക്ക് മുന്നേറും.

ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിക്കുകയും ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാനെ തോൽപ്പിക്കുകയും ചെയ്താൽ

ഈ രണ്ട് ഫലങ്ങളും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും ടൂർണമെന്റിൽ നിന്ന് പുറത്താക്കും, ഇന്ത്യയും ഓസ്‌ട്രേലിയയും സെമിയിലേക്ക് പ്രവേശിക്കുന്ന രണ്ട് ടീമുകളായി അവശേഷിക്കും. ഇന്ത്യയും ഓസ്‌ട്രേലിയയും നാല് വീതം പോയിന്റുമായി ഫിനിഷ് ചെയ്യുന്നതിനാൽ, ഈ സാഹചര്യത്തിൽ ഗ്രൂപ്പ് ടോപ്പറെ NRR തീരുമാനിക്കും.

ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിക്കുകയും അഫ്‌ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ

ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാൻ നാല് പോയിന്റുമായി ഗ്രൂപ്പിലെ വ്യക്തമായ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പ് ടോപ്പർ ഇന്ത്യയ്‌ക്കൊപ്പം സെമിയിലേക്ക് മുന്നേറും. ഓസ്‌ട്രേലിയ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി ടൂർണമെന്റിൽ നിന്ന് പുറത്താകും.

ഇന്ത്യ vs ഓസ്‌ട്രേലിയ മത്സരം മഴ മൂലം ഉപേക്ഷിച്ചാൽ

ഈ സാഹചര്യത്തിൽ, ഓസ്‌ട്രേലിയയ്ക്ക് മൂന്ന് പോയിന്റ്. അഫ്ഗാനിസ്ഥാൻ vs ബംഗ്ലാദേശ് മത്സരം മഴ മൂലം ഉപേക്ഷിക്കുകയോ, അല്ലെങ്കിൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ തോൽപ്പിക്കുകയോ ചെയ്‌താൽ ഓസ്ട്രേലിയ മുന്നേറും. ഇന്ത്യ ഗ്രൂപ്പ് ടോപ്പറായി സെമിയിലെത്തും.

അഫ്‌ഗാനിസ്ഥാൻ vs ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചാൽ

അത് അഫ്ഗാനിസ്ഥാനെ മൂന്ന് പോയിന്റിൽ നിർത്തും, അതായത് സെമി ഫൈനലിലേക്ക് മുന്നേറാൻ ഓസ്‌ട്രേലിയ ഇന്ത്യയെ ഏത് മാർജിനിലും തോൽപ്പിച്ചാലും മതിയാകും. ഓസ്‌ട്രേലിയ തോറ്റാൽ, അവർക്ക് രണ്ട് പോയിന്റ് മാത്രമേ ഉണ്ടാകൂ, അഫ്ഗാനിസ്ഥാൻ യോഗ്യത നേടും.

രണ്ട് മത്സരങ്ങളും ഉപേക്ഷിച്ചാൽ

അത് ഓസ്‌ട്രേലിയയെയും അഫ്‌ഗാനിസ്ഥാനെയും മൂന്ന് പോയിന്റിൽ ഒപ്പത്തിനൊപ്പം നിർത്തും. NRR അടിസ്ഥാനമാക്കി ഓസീസ് ഗ്രൂപ്പ് 1 ൽ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറും.