അരങ്ങേറ്റക്കാര്‍ അമ്പരപ്പിച്ചു, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. 66 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 317 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് 251 റണ്‍സെടുക്കാനെ ആയുളളു. ഇതോടെ മൂന്ന് മത്സരങ്ങടങ്ങിയ ഏകദിന പരമ്പര 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.

ഇന്ത്യയ്ക്കായി ശിഖര്‍ ധവാന്‍ (98), വിരാട് കോഹ്ലി (56), കെഎല്‍ രാഹുല്‍ (62*), ക്രുനാല്‍ പാണ്ഡ്യ (58*) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. അരങ്ങേറ്റ മത്സരം കളിച്ച യുവതാരം പ്രസിദ്ധ് കൃഷ്ണ നാലും ശാര്‍ദുല്‍ താക്കൂര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായ ഇന്ത്യയ്ക്കായി ഓപ്പണര്‍മാര്‍ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ 15 ഓവറില്‍ 64 റണ്‍സ് മാത്രം ചേര്‍ത്തപ്പോഴേക്കും രോഹിത്ത് പുറത്തായി. 42 പന്തില്‍ 28 റണ്‍സാണ് രോഹിത്ത് നേടിയത്. പിന്നീട് കോഹ്ലിയും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചു. ടീം സ്‌കോര്‍ 169ല്‍ നില്‍ക്കെ 60 പന്തില്‍ ആറ് ഫോറക്കം 56 റണ്‍സെടുത്ത് പുറത്തായി. ഇതിനിടെ ആറ് റണ്‍സെടുത്ത ശ്രേയസ് വന്നതും പോയതും അറിഞ്ഞില്ല.

പിന്നീട് ധവാന്‍ സെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും രണ്ട് റണ്‍സകലെ വീണു. 106 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതമാണ് ധവാന്റെ ഇന്നിംഗ്‌സ്. പാണ്ഡ്യയ്ക്ക് ഒരു റണ്‍സെടുക്കാനെ ആയുളളു. അതിന് ശേഷമാണ് പുതുമുഖ താരം ക്രുനാലും രാഹുലും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങില്ലാതെ മികച്ച സ്‌കോറിലെത്തിച്ചത്. ക്രുനാല്‍ വെറും 31 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സെടുത്തു. രാഹുലാകട്ടെ 43 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 62 റണ്‍സുമെടുത്തു.

മറുപടി ബാറ്റിംഗില്‍ ആദ്യ വിക്കറ്റില്‍ തീപ്പൊരി ബാറ്റിംഗ് ആണ് ഇംഗ്ലണ്ട് നടത്തിയത്. ജോമി ബെയ്‌സ്‌ത്രോ വെറും 66 പന്തില്‍ ആറ് ഫോറും ഏഴ് സിക്‌സും 94 റണ്‍സാണ് എടുത്തത്. ജാസണ്‍ റോയ് 35 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 46 റസെടുത്തു. പിന്നീടാര്‍ക്കാര്‍ക്കും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനായില്ല.

പ്രസീത് കൃഷ്ണ 8.1 ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ശാര്‍ദുല്‍ ആറ് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ഭുവി ഒന്‍പത് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. ക്രുനാല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.