വരുന്നൂ ഇന്ത്യ-പാക് മത്സരങ്ങളുടെ ‘പരമ്പര’; ആ കാത്തിരിപ്പിന് അവസാനമാവുന്നു

Image 3
CricketTeam India

ക്രിക്കറ്റിലെ ചിരവൈരികളാണ് ഇന്ത്യയും പാകിസ്ഥാനും. ക്രിക്കറ്റ് ആരാധകർ ഇത്രയധികം വാശിയോടെ കാത്തിരിക്കുന്ന മറ്റു മത്സരങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഇരു ടീമുകളുടെയും കളിമികവ് മാത്രമല്ല, ചരിത്രപരവും, രാഷ്ട്രീയവുമായ ഒരുപാട് കാര്യങ്ങൾ ഈ ‘വാശി’യെ സ്വാധീനിക്കാറുണ്ട്. എന്നാൽ, ഇതേ രാഷ്ട്രീയ കാരണങ്ങളാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരകൾ സംഘടിപ്പിക്കപ്പെട്ടിട്ടും കാലമേറെയായി. അതിനാൽ തന്നെ ഐസിസി ടൂർണമെന്റുകളിൽ വല്ലപ്പോഴും വീണുകിട്ടുന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾ ആരാധകർ ആഘോഷമാക്കാറാണ് പതിവ്.

ഈ വരുന്ന ഏഷ്യ കപ്പ് ടൂർണമെന്റിൽ അത്തരമൊരു സുവർണാവസരം ആരാധകർക്ക് ലഭിക്കും. അതും ഒരുതവണയല്ല, ഭാഗ്യമുണ്ടെങ്കിൽ മൂന്നുതവണ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ടൂർണമെന്റിൽ ഏറ്റുമുട്ടിയേക്കും. അതും വെറും 15 ദിവസത്തെ ഇടവേളകളിൽ. എങ്ങനെയെന്നല്ലേ? സാധ്യതകൾ പരിശോധിക്കാം.

രണ്ട് ഗ്രൂപ്പുകളിലായാണ് ഏഷ്യ കപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ് ‘എ’ യിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്രൂപ്പ് എ യിലെ ആദ്യത്തെ മത്സരം ഓഗസ്റ്റ് 28ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കും.

പിന്നീട് ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരും രണ്ടാമത്തെ സ്ഥാനക്കാരും തമ്മിൽ സെപ്തംബർ നാലിന് വീണ്ടും ഏറ്റുമുട്ടണം. ഗ്രൂപ്പിൽ ഇന്ത്യക്കും പാകിസ്ഥാനും പുറമെ യോഗ്യതാറൗണ്ട് കളിച്ചുവരുന്ന ഒരു അസോസിയേറ്റ് രാജ്യമാണ് ഇടം പിടിക്കുക. അതിനാൽ തന്നെ ഇന്ത്യയും പാകിസ്ഥാനും തന്നെ ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനത്ത് എത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇന്ത്യ-പാക് രണ്ടാമത്തെ മത്സരം സെപ്തംബർ നാലിന് നടക്കും.

ഇന്ത്യ, ശ്രീലങ്ക, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർക്ക് പുറമെ ഒമാനിൽ നടക്കുന്ന യോഗ്യതാ മത്സരം ജയിക്കുന്ന ഒരു ടീമുമാണ് ഏഷ്യ കപ്പിൽ പങ്കെടുക്കുക. നിലവിലെ ഫോം വച്ചുനോക്കിയാൽ സെപ്തംബർ 11ന് നടക്കുന്ന ഏഷ്യ കപ്പ് ഫൈനലിലേക്ക് ഇന്ത്യയും പാകിസ്ഥാനും തന്നെ യോഗ്യത നേടാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഏവരും കാത്തിരിക്കുന്ന ഇന്ത്യ – പാക് ഫൈനൽ 15 ദിവസത്തെ ഇടവേളയിൽ ബദ്ധവൈരികളുടെ മൂന്നാമത്തെ ഏറ്റുമുട്ടലാവും.