സ്പിന്‍ പിച്ചില്‍ എന്തിന് ഇംഗ്ലണ്ട് നാല് പേസര്‍മാരുമായി ഇറങ്ങി?, ഇതാണ് കാരണം

Image 3
CricketCricket News

അഹമ്മദാബാദില്‍ നടന്ന പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടീം ലെയ്‌നപ്പില്‍ തന്നെ പിഴച്ചിരുന്നു. പിച്ചിനെ മനസ്സിലാക്കുന്നതില്‍ പിഴച്ച ഇംഗ്ലണ്ട് ടീം നാല് പേസര്‍മാരേയും ഒരു സ്പിന്നറേയും കളത്തിലറക്കിയാണ് ഇറങ്ങിയത്. ഇതോടെ ടീം ലൈനപ്പില്‍ തന്നെ ഇംഗ്ലണ്ട് തോല്‍വി ചോദിച്ച് വാങ്ങുകയായിരുന്നു.

ഇന്ത്യയാകട്ടെ രണ്ടു പേസര്‍മാരും മൂന്നു സ്പിന്നര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാതെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ചരിത്രം മാത്രം കണക്കിലെടുത്താണ് ഇംഗ്ലണ്ട് പേസ് ബൗളിങിന് മുന്‍തൂക്കം നല്‍കിയുള്ള ടീമിനെ അണിനിരത്തിയത്. ഇതാണ് അവര്‍ക്ക് വിനയായത്.

ഇതുവരെ നടന്ന 15 പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ പേസര്‍മാര്‍ ചേര്‍ന്നു വീഴ്ത്തിയത് 354 വിക്കറ്റുകളായിരുന്നു. സ്പിന്നര്‍മാര്‍ക്കു ലഭിച്ചതാവട്ടെ വറും 115 വിക്കറ്റുകളുമായിരുന്നു. ഈ കാരണം കൊണ്ടു തന്നെയാണ് അഹ്മദാബാദില്‍ പേസ് ബൗളര്‍മാര കുത്തിനിറച്ച് ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തത്.

2001നു ശേഷം ഇതാദ്യമായാണ് ഒരു ടെസ്റ്റില്‍ ഇന്ത്യയും ഇംഗ്ലണ്ടും തീര്‍ത്തും വിരുദ്ധമായ ബൗളിങ് കോമ്പിനേഷനുകള്‍ പരീക്ഷിച്ചത്.

മല്‍സരവേദിയായ അഹമ്മദബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ ഒരുക്കിയ പിച്ച് വരണ്ടതായിരുന്നു. 2019ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യയുടെ പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇവിടുത്തെ പിച്ച്. പച്ചപ്പമുള്ള, പേസര്‍മാരെ തുണയ്ക്കുന്ന പിച്ചായിരുന്നു കൊല്‍ക്കത്തയിലേത്. അവിടെ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചതും പേസര്‍മാരായ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവുമായിരുന്നു.

പക്ഷെ പച്ചപ്പ് കുറഞ്ഞ നന്നായി ടേണ്‍ ചെയ്യുന്ന പിച്ചായിരുന്നു നരേന്ദ്ര മോഡി സ്റ്റേഡിയത്തിലേത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഈ പിച്ച് നന്നായി മുതലെടുക്കുകയും ചെയ്തു.

പിങ്ക് ബോള്‍ ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ രോഹിത് ശര്‍മ പിച്ചിനെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കിയിരുന്നു. ചെന്നൈയിലെ ടേണിങ് പിച്ചില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇവിടുത്തേതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

പിച്ച് മനസ്സിലാക്കിയാണ് ഞങ്ങള്‍ തയ്യാറെടുക്കുന്നത്. മല്‍സരദിവസം ഒന്നുകൂടി പിച്ച് എങ്ങനെയായിരിക്കുമെന്നു വിലയിരുത്തുമെന്നും അതിന് അനുസരിച്ചുള്ള ടീമിനെയായിരിക്കും ഇറക്കുകയെന്നും രോഹിത് പറഞ്ഞിരുന്നു. പക്ഷെ രോഹിത്തിനെയും ഇന്ത്യയെയും പോലെ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതില്‍ വന്ന പിഴവാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനു വിനയായി തീര്‍ന്നിരിക്കുന്നത്.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇരുടീമുകളും തങ്ങളുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചിരുന്നു. വളരെ വരണ്ട, ചൂടേറിയ പിച്ച് പോലെയാണ് തോന്നുന്നതെന്നു ടോസിനു ശേഷം കോഹ്ലി പറഞ്ഞിരുന്നു.

റൂട്ടാവട്ടെ മല്‍സരദിവസം രാവിലെയാണ് പ്ലെയിങ് ഇലവന്‍ തീരുമാനിച്ചത്. ഇരട്ട സ്പിന്നര്‍മാരെ വേണമെങ്കില്‍ ഇംഗ്ലണ്ടിനു പരീക്ഷിക്കമായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളിലും ഇത് ക്ലിക്കാവുകയും ചെയ്തിരുന്നു. ആദ്യ ടെസ്റ്റില്‍ ജാക്ക് ലീച്ച്- ഡോം ബെസ്സ് സഖ്യമായിരുന്നു സ്പിന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചത്. രണ്ടാം ടെസ്റ്റില്‍ ബെസ്സിനെ പുറത്തിരുത്തിയ ഇംഗ്ലണ്ട് ലീച്ചിനൊപ്പം മോയിന്‍ അലിയെയാണ് ഇറക്കിയത്. ഈ സഖ്യവും തിളങ്ങിയിരുന്നു. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ലീച്ചിനെ മാത്രം കളിപ്പിക്കാമെന്ന റൂട്ടിന്റെ തീരുമാനം പിഴയ്ക്കുകയായിരുന്നു. ലീച്ചിനോടൊപ്പം ബെസ്സിനെ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇന്ത്യക്കു ബാറ്റിങ് ഇതിനേക്കാള്‍ ദുഷ്‌കരമായി മാറുമായിരുന്നു.