ഇന്ത്യ – ബംഗ്ലാദേശ്; ക്രിക്കറ്റിലെ ഒരു ‘അണ്ടർ റേറ്റഡ്’ റിവൽറി; ഏറ്റുമുട്ടിയപ്പോഴൊക്കെ തീ പാറിയ മത്സരങ്ങളുടെ കഥ

Image 3
CricketTeam IndiaWorldcup

ക്രിക്കറ്റിലെ ചിരവൈരികൾ എന്ന് കേട്ടാൽ നമുക്ക് ആദ്യം ഓർമ്മവരുന്നത് ഇന്ത്യ-പാക്കിസ്ഥാൻ അല്ലെങ്കിൽ, ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മുതലായവ ആയിരിക്കും. എന്നാൽ ഇതിനോളം പോന്ന അല്ലെങ്കിൽ, പലപ്പോഴും എല്ലാ സീമകളും ലംഘിച്ചു ഇതിനെക്കാളും ആവേശം തന്ന ചില മത്സരങ്ങൾ ഇന്ത്യയും, ബംഗ്ലദേശും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യ-പാക് മത്സരങ്ങളിലെ പോലെ ഇരുടീമുകൾക്കും തുല്യസാധ്യതയൊന്നും ഒരിക്കലും കൽപിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും മത്സരാവേശത്തിന് ഒരിക്കലും കുറവ് വന്നിട്ടില്ല. കളത്തിന് അകത്ത് എന്നതിനേക്കാൾ കളത്തിന് പുറത്ത് ഇരുടീമുകളുടെയും ആരാധകർ തമ്മിലുള്ള, പ്രത്യേകിച്ചും സൈബർ പോരാട്ടം മത്സരത്തിന് എപ്പോഴും എരിവും പുളിവും കൂട്ടി.

ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ നടന്ന ടി20 പോരാട്ടങ്ങൾ ഇതുവരെ ഏറെക്കുറെ ഏകപക്ഷീയമായാണ് അവസാനിച്ചത്. ടോപ് ടീമുകൾക്ക് വെല്ലുവിളി ഉയർത്താൻ കഴിയുന്ന ഒരു ടി20 ടീം എന്ന നിലയിൽ ബംഗ്ലാദേശിന് ഇതുവരെ ഉയർന്നുവരാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയ്‌ക്കെതിരെ 13 ടി20 മത്സരങ്ങളിൽ 1-12 എന്ന റെക്കോർഡാണ് അവർക്കുള്ളത്. അവരുടെ ഏക വിജയം 2019 നവംബറിൽ ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലായിരുന്നു. ടി20 ലോകകപ്പിന്റെ കാര്യത്തിൽ, 2009 ൽ ഇന്ത്യക്കെതിരെ നടന്ന ആദ്യ മത്സരത്തിന് ശേഷം നടന്ന 4 മത്സരങ്ങളും ബംഗ്ലാദേശ് തോറ്റു.

എന്നാൽ ആ നാല് തവണകളിൽ രണ്ട് തവണ, ബംഗ്ലാദേശ് ഇന്ത്യയെ വരിഞ്ഞു മുറുക്കി. ഇതിഹാസ താരം മഷ്‌റഫെ മൊർത്താസയുടെയും ഷാക്കിബ് അൽ ഹസന്റെയും നേതൃത്വത്തിൽ ബംഗ്ലാദേശ് വിജയത്തിന്റെ വക്കോളമെത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ പിഴച്ചു. രണ്ട് തവണയും വൻ അട്ടിമറി വിജയത്തിനുള്ള സുവർണ്ണാവസരം ബംഗ്ലാദേശ് സ്വയം സൃഷ്ടിച്ചെങ്കിലും, നിർണായക ഘട്ടങ്ങളിൽ പരാജയപ്പെട്ടു.
നജ്മുൽ ഹൊസൈൻ ഷാന്റോയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ്, ഇന്ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ഇന്ത്യയെ നേരിടുമ്പോൾ, ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ തങ്ങളുടെ ആദ്യ വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ്. ഈ രണ്ട് ടീമുകൾ തമ്മിലുള്ള മുൻകാല ത്രില്ലർ മത്സരങ്ങൾ ഒന്ന് തിരിഞ്ഞു നോക്കാം, അവ ഒരിക്കലും ദുർബല ഹൃദയർക്ക് വേണ്ടിയുള്ളതല്ല.

ഹാർദിക്കും ധോണിയും ബംഗ്ലാദേശിന്റെ ഹൃദയം തകർത്ത ചിന്നസ്വാമിയിലെ മത്സരം

2016-ൽ ബാംഗ്ലൂരിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ഏഷ്യൻ ഭീമന്മാരായ ഇന്ത്യയ്‌ക്കെതിരെ വിജയത്തിന്റെ വക്കിലെത്തി. അൽ അമീൻ ഹുസൈനും മുസ്തഫിസുർ റഹ്മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ബംഗ്ലാദേശ് ഇന്ത്യയെ 7 വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ ഒതുക്കി. സുരേഷ് റെയ്‌ന, ശിഖർ ധവാൻ, വിരാട് കോലി എന്നിവർ നിർണായക സംഭാവനകൾ നൽകിയെങ്കിലും വലിയ സ്‌കോർ നേടാൻ കഴിഞ്ഞില്ല.

റൺ-ചേസിൽ, അവസാന ഓവറിൽ വിജയിക്കാൻ ബംഗ്ലാദേശിന് 11 റൺസ് മാത്രമേ ആവശ്യമായിരുന്നുള്ളൂ. മുഷ്‌ഫിഖുർ റഹീം ഹാർദിക് പാണ്ഡ്യയെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ അടിച്ചു, വിജയപ്രതീക്ഷ വാനോളമുയർത്തി. അപ്പോഴാണ് ഹാർദിക് തിരിച്ചടിച്ചത്.
മുഷ്ഫിഖുർ മിഡ് വിക്കറ്റ് ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും ശിഖർ ധവാന് ക്യാച്ച് നൽകി പുറത്തായി. തൊട്ടുപിന്നാലെ, മറ്റൊരു സെറ്റ് ബാറ്ററായ മഹ്മുദുള്ളയും സമാനമായ ഒരു ഷോട്ട് കളിക്കാൻ ശ്രമിച്ച് പുറത്തായി. ഒരു പന്തിൽ 2 റൺസ് വേണ്ടിയിരുന്ന സമയത്ത്, ശുവാഗത ഹോം പന്ത് നഷ്ടപ്പെടുത്തി ബൈ ഓടാൻ ശ്രമിച്ചെങ്കിലും എംഎസ് ധോണി തന്റെ ഗ്ലൗസ് ഊരി മുസ്തഫിസുർ റഹ്മാനെ റൺ ഔട്ടാക്കി ഇന്ത്യയ്ക്ക് ഒരു റൺ വിജയം സമ്മാനിച്ചു.

ലിട്ടന്റെ അത്യധ്വാനം പാഴായ കഥ

2022ൽ അഡ്‌ലെയ്ഡ് ഓവലിൽ വീണ്ടും ബംഗ്ലാദേശ് വിജയത്തിന്റെ വക്കിൽ നിന്ന് തോൽവി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. കെ എൽ രാഹുൽ 32 പന്തിൽ 50 റൺസ് നേടി ഇന്ത്യയ്ക്ക് മികച്ച അടിത്തറ നൽകി, തുടർന്ന് വിരാട് കോഹ്‌ലി 44 പന്തിൽ 64 റൺസുമായി പുറത്താകാതെ നിന്നു. സൂര്യകുമാർ യാദവ് 16 പന്തിൽ 30 റൺസ് നേടി. രവി അശ്വിന്റെ 13 റൺസ് ഇന്ത്യയെ 180 കടത്തി.

ബംഗ്ലാദേശ് ബൗളർമാരിൽ ടാസ്‌കിൻ അഹമ്മദ് മികച്ച പ്രകടനം കാഴ്ചവെച്ചു (4-0-15-0). ഹസൻ മഹ്‌മൂദ് മൂന്ന് വിക്കറ്റുകൾ നേടിയെങ്കിലും 47 റൺസ് വഴങ്ങി. ടി20 ലോകകപ്പിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ക്യാപ്റ്റൻ ഷാക്കിബ്, സൂര്യകുമാറിന്റെയും രാഹുലിന്റെയും നിർണായക വിക്കറ്റുകൾ നേടി മികവ് പുലർത്തിയ മത്സരം.

റൺ-ചേസിൽ തുടക്കത്തിൽ തന്നെ ബംഗ്ലാദേശ് തങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കി. ലിട്ടൺ ദാസ് 27 പന്തിൽ 60 റൺസ് നേടി മനോഹരമായ ചില ഷോട്ടുകൾ കളിച്ചു. എന്നാൽ മഴ തടസ്സപ്പെട്ടതിന് ശേഷം ടൈഗേഴ്സിന് 185 എന്ന പുതുക്കിയ ലക്ഷ്യം നൽകിയപ്പോൾ ഇന്ത്യ തിരിച്ചുവരവ് നടത്തി. ലിട്ടനെ നേരിട്ടുള്ള ത്രോയിൽ രാഹുൽ റൺഔട്ടാക്കിയിടത്തു നിന്നും ബംഗ്ലാദേശിന് പിഴച്ചു. അവസാന പന്തിൽ 7 റൺസ് വേണ്ടിയിരുന്ന നിലയിൽ, നുരുൾ ഹസൻ സോഹന് ഒരു സിംഗിൾ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ, ഇന്ത്യ 5 വിക്കറ്റിന് മത്സരം ജയിച്ചു.

ബംഗ്ലാദേശിന് ഇന്ത്യയെ തോൽപ്പിക്കാനാവുമോ?

മത്സരത്തിൽ ഇന്ത്യയാണ് ഫേവറിറ്റ് ടീം എന്നതിൽ സംശയമില്ല. സൂപ്പർ 8ലെ ആദ്യ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചതിന് ശേഷം രോഹിത് ശർമ്മയുടെ ആത്മവിശ്വാസം വാനോളമുയർന്നിരിക്കും. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും എതിർ ബാറ്റർമാരുടെ മേൽ തുടർച്ചയായി വിക്കറ്റ് വീഴ്ത്തി സമ്മർദ്ദം ചെലുത്തുന്നുണ്ട്. മറുവശത്ത്, ഓസ്ട്രേലിയയോട് തോറ്റതിന് ശേഷം കരകയറാനുള്ള ശ്രമത്തിലാണ് ബംഗ്ലാദേശ്. സൂപ്പർ8 ഘട്ടത്തിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലേക്ക് പോകുമ്പോൾ ടോപ്-ഓർഡർ ബാറ്റിംഗ് അവർക്ക് ഒരു പ്രശ്നമായി തുടരുന്നു.

നിലവിൽ, ഇന്ത്യയെ തോൽപ്പിക്കുക എന്നത് ബംഗ്ലാദേശിന് ഒരു ഹെർക്കുലിയൻ ടാസ്‌ക്കാണ്, എന്നാൽ അത് അസാധ്യമായ ഒന്നല്ല.