‘അർശ്ദീപ് പന്തിൽ കൃത്രിമത്വം കാണിച്ചു’; ഗുരുതര ആരോപണവുമായി പാക് ഇതിഹാസം

Image 3
CricketTeam IndiaWorldcup

ടി20 ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ നിരാശരായ ചില മുൻ പാക് താരങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ കളിക്കാർക്കും എതിരെ അനാവശ്യ പരാമർശങ്ങൾ നടത്തി വാർത്തകളിൽ ഇടം നേടുന്നത് പതിവായിരിക്കുകയാണ്. മുൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ അർഷ്ദീപ് സിങ്ങിനും, സിഖ് സമുദായത്തിനുമെതിരെ അനവസരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിന് മാപ്പ് പറഞ്ഞത് ഈയിടെയാണ്. പാകിസ്താന്റെ ഇതിഹാസ താരം ഇൻസ്‌മാമുൽ ഹഖിന്റെ ഊഴമാണ് ഇപ്പോൾ.

ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം ബോൾ ടാംപറിംഗ് നടത്തിയെന്ന് ആരോപിച്ചു രംഗെത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇൻസമാം-ഉൾ-ഹഖ്. ഒരു ടിവി ടോക്ക് ഷോയിൽ സംസാരിക്കവെ, അർഷ്ദീപ് സിംഗിന് ഇന്നിങ്സിന്റെ 15-ാം ഓവറിൽ തന്നെ റിവേഴ്സ് സ്വിംഗ് ചെയ്യാൻ സാധിച്ചത് ഇന്ത്യൻ ടീം പന്തിൽ കൃത്രിമം കാണിച്ചതിന്റെ തെളിവാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

“15-ാം ഓവറിൽ തന്നെ അർഷ്ദീപിന് പന്ത് റിവേഴ്സ് സ്വിംഗ് ചെയ്യാൻ കഴിഞ്ഞു, അതായത് 12-ാം ഓവറോടെ പന്ത് റിവേഴ്സ് സ്വിങ്ങിന് തയ്യാറായിരുന്നു, അത്രയും വേഗം പന്ത് തയ്യാറാകാൻ ഇന്ത്യൻ ടീം എന്തോ ഗുരുതരമായ കൃത്രിമത്വം പന്തിൽ ചെയ്തിരിക്കണം,” ഇൻസമാം പറയുന്നു. “പാകിസ്ഥാൻ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ പലരും വലിയ വിവാദം ഉയർത്തുമായിരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് താരം സലീം മാലിക്കും ഇൻസിയുടെ അഭിപ്രായത്തോട് യോജിക്കുകയാണ് ചെയ്തത്. “ചില ടീമുകളുടെ കാര്യത്തിൽ അധികാരികൾ കണ്ണുകൾ അടച്ചിരിക്കും,” എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഇൻസമാമിന്റെയും സലീം മാലിക്കിന്റെയും ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്. ഇതിനിടെ, ടൂർണമെന്റിൽ നിന്ന് പുറത്തായ പാകിസ്ഥാൻ ടീം ഇന്നലെ നാട്ടിലേക്ക് മടങ്ങി. അതേസമയം, ജൂൺ 27-ന് ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ നേരിടും.