ഭുയിയുടെ സെഞ്ച്വറി പാഴായി, സഞ്ജുവും ശ്രേയസുമുണ്ടായിട്ടും തോറ്റമ്പി ഇന്ത്യ ഡി
സ്‌കോര്‍ ബോര്‍ഡ്:
ഇന്ത്യ എ: 290 & 380/3 ഡിക്ല.
ഇന്ത്യ ഡി: 183 & 301
ഇന്ത്യ എ 186 റണ്‍സിന് വിജയിച്ചു
ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഡിക്ക് ദുലീപ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്ത്യ എയ്ക്കെതിരായ മത്സരത്തില്‍ 186 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ടീമിന് നേരിടേണ്ടി വന്നത്. 488 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഡിക്ക് 301 റണ്‍സില്‍ അവസാനിക്കേണ്ടി വന്നു.
റിക്കി ഭൂയിയുടെ (113) മനോഹര സെഞ്ച്വറി ഇന്ത്യ എയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ഏകദിന ശൈലിയില്‍ തകര്‍പ്പന്‍ തുടക്കമിട്ട ഭൂയി, മൂന്ന് സിക്‌സും 14 ഫോറും പറത്തി ആരാധകരെ ആവേശത്തിലാഴ്ത്തി. എന്നാല്‍, വലിയ ഇന്നിംഗ്‌സ് കളിക്കാനുള്ള അവസരം അദ്ദേഹം നഷ്ടമായി. ശ്രേയസ് അയ്യര്‍ (41), സഞ്ജു സാംസണ്‍ (40) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യ എയ്ക്കായി തനുഷ് കൊട്ടിയാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
ഇന്ത്യ എയുടെ രണ്ടാം ഇന്നിംഗ്സില്‍ പ്രതം സിംഗ് (122), തിലക് വര്‍മ്മ (111) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ടീം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഓപ്പണര്‍മാരായ പ്രതം സിംഗും മായങ്ക് അഗര്‍വാളും (56) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം ലഭിച്ചു. പിന്നീട് തിലക് വര്‍മ്മയുമായി ചേര്‍ന്ന് പ്രതം സെഞ്ച്വറി കുറിച്ചു. ഒടുവില്‍ ശാശ്വത് റാവത്തിനെ കൂട്ടുപിടിച്ച് തിലക് വര്‍മ്മയും സെഞ്ച്വറി നേടി.
ഇന്ത്യ എയുടെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 290നെതിരെ ഇന്ത്യ ഡി 183 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ദേവ്ദത്ത് പടിക്കല്‍ (92) ആയിരുന്നു ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ എയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ഷംസ് മുലാനി (89), തനുഷ് കൊട്ടിയാന്‍ (53) എന്നിവരുടെ ഇന്നിംഗ്‌സുകളായിരുന്നു.