തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം, മുഷീര്‍ എന്ന ഹീറോ, അവിശ്വസനീയ തിരിച്ചുവരവുമായി ഇന്ത്യ ബി

Image 3
CricketCricket NewsFeatured

ദുലീപ് ട്രോഫിയില്‍ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ബി പൊരുതുന്നു. മുംബൈ താരം മുഷീര്‍ ഖാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ട മികവില്‍ ആദ്യ ദിനം വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ എ ഏഴ് വിക്കറ്റിന് 202 റണ്‍സാണ് നേടിയത്. റിഷഭ് പന്തടക്കമുളള വമ്പന്‍മാര്‍ പരാജയപ്പെട്ടിടത്ത് സെഞ്ച്വറിയുമായി മുഷീര്‍ ഖാന്‍ ബാറ്റിംഗ് തുടരുകയാണ്.

227 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 105 റണ്‍സാണ് മുഷീര്‍ ഖാന്‍ നേടിയത്. 74 പന്തില്‍ നാല് ഫോറും ഒരു സിക്‌സും അടക്കം നവ് ദീപ് സൈനി മുഷീറിന് കൂട്ടായി ക്രീസിലുണ്ട്.

ഒരു ഘട്ടത്തില്‍ 94ന് ഏഴ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ബിയെ ഇരുവരും ചേര്‍ന്ന് ആദ്യ ദിനം തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 200 കടത്തുകയായിരുന്നു. ഇരുവരും എട്ടാം വിക്കറ്റില്‍ ഇതുവരെ 108 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

ഇരുവരേയും കൂടാതെ 59 പന്തില്‍ ആറ് ഫോറടക്കം 30 റണ്‍സെടുത്ത ജയ്‌സ്വാള്‍ മാത്രമാണ് ഇന്ത്യ ബി നിരയില്‍ തിളങ്ങിയത്. റിഷഭ് പന്ത് ഏഴും സര്‍ഫറാസ് ഖാന്‍ ഒന്‍പതും വാഷിംഗ്ടണ്‍ സുന്ദര്‍ റണ്‍സെടുക്കാതെയും പുറത്തായി.

അഭിമന്യൂ ഈശ്വര്‍ (13), നിതീഷ് കുമാര്‍ റെഡ്ഡി (0), സായ് കിഷോര്‍ (1) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യ ബി താരങ്ങളുടെ പ്രകടനം.

ഇന്ത്യ എയ്ക്കായി ഖലീല്‍ അഹമ്മദും ആകാശ് ദീപും അവേശ് ഖാനും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. കുല്‍ദീപ് 14 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റെടുക്കാനായില്ല.