മുകേഷ് കുമാറും ഉമേശും എറിഞ്ഞിട്ടു, വീണ്ടും തകര്‍ന്ന് ബംഗ്ലാദേശ്

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റ് മത്സരത്തിലും ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആദ്യ ദിനം തന്നെ 252 റണ്‍സിന് പുറത്തായി. മുകേഷ് കുമാറിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ബംഗ്ലാദേശിന ചെറിയ സ്‌കോറില്‍ പിടിച്ച് കെട്ടിയത്.

15.5 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി മുഖേഷ് കുമാര്‍ ആറ് വിക്കറ്റാണ് സ്വന്തമാക്കിയത്. മുഖേഷിനെ കൂടാതെ ഉമേശ് യാദവും ജയന്ത് യാദവും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഉമേശ്. 16 ഓവറില്‍ 55 റണ്‍സ് വഴങ്ങിയും ജയന്ത് 56 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബംഗ്ലാദേശിനായി ഷാദാത്ത് ഹുസൈനും ജാക്കര്‍ അലിയും അര്‍ധ സെഞ്ച്വറി നേടി. ഷാദാത്ത് 138 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 80 റണ്‍സാണ് എടുത്തത്. ജാക്കര്‍ അലി 149 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 62 റണ്‍സുമെടുത്തു. 46 റണ്‍സെടുത്ത സാക്കിര്‍ ഹസനും ബംഗ്ലദേശിനായി പൊരുതി നോക്കി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 11 റണ്‍സ് എടുത്തിട്ടുണ്ട്. എട്ട് റണ്‍സെടുത്ത യശ്വസ്വി ജയ്‌സാളും മൂന്ന് റണ്‍സുമായി അഭിമന്യൂ ഈശ്വറുമാണ് ക്രീസില്‍.

അതെസമയം ആദ്യ മത്സരത്തിന് പിന്നാലെ രണ്ടാം മത്സരത്തിലും ടീമിലുളള മലയാളി താരം രോഹണ്‍ കുന്നുമ്മലിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. ആദ്യ ചതുര്‍ദിന ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യ തന്നെയായിരുന്നു ആദ്യ മത്സരത്തിലും മേല്‍കൈ നേടിയിരുന്നത്.

You Might Also Like