വീണ്ടും ദുരന്തമായി കോഹ്ലി, വിനാശം വിതച്ച് ജോസഫ്‌, അടിമുടി മാറ്റവുമായി ടീം ഇന്ത്യ

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണറും നായകനുമായ രോഹിത്ത് ശര്‍മ്മയുടേയും ശിഖര്‍ ധവാന്റേയും വിരാട് കോഹ്ലിയുടേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രോഹിത്ത് ശര്‍മ്മ 15 പന്തില്‍ മൂന്ന് ബൗണ്ടറി സഹിതം 13 റണ്‍സ് എടുത്ത് പുറത്താകുകയായിരുന്നു. അല്‍സാരി ജോസഫിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് പുറത്തായത്. ശിഖര്‍ ധവാന്‍ 26 പന്തില്‍ 10 റണ്‍സെടുത്ത് സ്മിത്തിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

വിരാട് കോഹ്ലിയാകട്ടെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തി. പൂജ്യം റണ്‍സാണ് കോഹ്ലി നേടിയത്. ജോസഫിന് തന്നെയാണ് വിക്കറ്റ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 10 റണ്‍സുമായി ശിഖര്‍ ധവാനും ശ്രയസ് അയ്യരുമാണ് ക്രീസില്‍.

മത്സരത്തില്‍ നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ കെ എല്‍ രാഹുല്‍ പുറത്തായി. ശിഖര്‍ ധവാനാണ് പകരക്കാരന്‍. ദീപക് ഹൂഡ, യൂസ്വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കും വിശ്രമം നല്‍കി. ശ്രേയായ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി.

വിന്‍ഡീസ് ഒരു മാറ്റം വരുത്തി. അകെയ്ല്‍ ഹൊസീന് പകരം ഹെയ്ഡല്‍ വാല്‍ഷ് ടീമിലെത്തി. പരിക്ക് ഭേദമാവാത്ത കീറണ്‍ പൊള്ളാര്‍ഡ് മൂന്നാം ഏകദിനത്തിലും പുറത്തിക്കും. നിക്കോളാസ് പുരാന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിക്കുകയായിരുന്നു.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

വിന്‍ഡീസ്: ഷായ് ഹോപ്, ബ്രണ്ടന്‍ കിംഗ്, ഡാരന്‍ ബ്രാവോ, ഷമാറാ ബ്രൂക്ക്സ്, നിക്കോളാസ് പുരാന്‍, ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലന്‍, ഒഡെയ്ന്‍ സ്മിത്ത്, അള്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്, കെമര്‍ റോച്ച്.