അവന് വലിയ പണിയൊന്നും ചെയ്യേണ്ടതില്ല, ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാകുന്നതിനെ കുറിച്ച് സച്ചിന്‍

Image 3
CricketTeam India

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കണ്ണും മനസ്സും കാതും ഇന്ത്യന്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ്. ഇന്ത്യന്‍ യുവനിരയാണ് ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുന്നത്. മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് സംഘമാണ് പര്യടനത്തില്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. ദ്രാവിഡിന്റെ സാന്നിധ്യം ടീമിനെ എങ്ങനെ ബാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

‘ഇതിലെ മിക്ക താരങ്ങളും ദ്രാവിഡിനോടൊപ്പം സമയം ചിലവിട്ടവരാണ്. അതിനാല്‍ത്തന്നെ ദ്രാവിഡിനെ അവര്‍ക്ക് നന്നായി അറിയാം. ടീമിനുള്ളിലും ഡ്രസിംഗ് റൂമിലും ആരോഗ്യകരമായ സാഹചര്യം ഒരുക്കാന്‍ കെല്‍പ്പുള്ളവനാവണം പരിശീലകന്‍. ദ്രാവിഡിനത് സാധിക്കും.’

‘ഈ താരങ്ങളെയൊന്നും അധികം പരിശീലിപ്പിക്കേണ്ട ആവിശ്യമില്ല. കാരണം അവര്‍ക്കെല്ലാം എങ്ങനെയാണ് കവര്‍ ഡ്രൈവ് കളിക്കേണ്ടതെന്നും എങ്ങനെ ഔട്ട് സ്വിങ്ങര്‍ എറിയണമെന്നുമെല്ലാം അറിയാം. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാവുന്ന ടീമാണിത്. മികച്ച യുവ-സീനിയര്‍ താരനിരയാണിത്. എന്ത് സംശയമുണ്ടായാലും സഹായിക്കാന്‍ രാഹുല്‍ ദ്രാവിഡ് ഒപ്പമുണ്ടാവും’ സച്ചിന്‍ പറഞ്ഞു.

മൂന്നു വീതം ഏകദിന ടി20 പരമ്പരകളാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക.

ജൂലൈ 16, 19 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക. ടി20 മത്സരങ്ങള്‍ ജൂലൈ 22, 24,27 തിയതികളില്‍ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.