തെവാത്തിയക്ക് വന്‍ തിരിച്ചടി, ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തേക്ക്, കാരണമിതാണ്

ഇന്ത്യന്‍ ടീമില്‍ അരങ്ങേറുക എന്ന സ്വപ്‌ന സമാനമായ നേട്ടം സ്വന്തമാക്കാനൊരുങ്ങുന്ന പുതുമുഖ താരം രാഹുല്‍ തെവാത്തിയക്ക് വന്‍ തിരിച്ചടി. ദേശീയ ടീമില്‍ കളിക്കുന്നതിനുള്ള യോഗ്യതയ്ക്കായുള്ള യോയോ ഫിറ്റ്നസ് ടെസ്റ്റില്‍ തെവാത്തിയ പരാജയപ്പെട്ടു. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തെവാത്തിയ പുറത്താകും. തെവാത്തിയയെ ടീമിന്റെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്താനിടയില്ല.

യോയോ ടെസ്റ്റില്‍ രാഹുല്‍ തെവാത്തിയയും വരുണ്‍ ചക്രവര്‍ത്തിയും ശരാശരിയിലും താഴെ മാര്‍ക്ക് മാത്രമാണ് നേടിയത്. നിലവിലെ ബിസിസി ഐയുടെ ചട്ടപ്രകാരം ഫിറ്റ്നസ് കടമ്പയായ യോയോ ടെസ്റ്റ് പാസാകാത്തവര്‍ക്ക് ദേശീയ ടീമില്‍ അവസരം ഉണ്ടായിരിക്കില്ല. ബിസിസിയുടെ നിയമമനുസരിച്ച് ഒരു താരത്തിന് യോയോ ടെസ്റ്റില്‍ 17 മാര്‍ക്കെങ്കിലും വേണം. കൂടാതെ 2 കിലോ മീറ്റര്‍ 8.5 മിനുട്ടില്‍ ഓടിത്തീര്‍ക്കണം. ഇതില്‍ ഏതെങ്കിലും ഒന്നില്‍ പരാജയപ്പെട്ടാല്‍ പോലും ഫിറ്റ്നസ് ഇല്ല എന്നാവും വിലയിരുത്തുക.

ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നതിനാല്‍ത്തന്നെ തെവാത്തിയക്കും വരുണിനും ഒരവസരം കൂടി ലഭിക്കും. അതിനാല്‍ വിജയിക്കാനായാല്‍ ഇരുവര്‍ക്കും ടീമില്‍ കളിക്കാനുള്ള അവസരമൊരുങ്ങും. വീണ്ടും തോറ്റാല്‍ ടീമില്‍ നിന്ന് തഴയപ്പെടും. രണ്ടാം ഫിറ്റ്നസ് ടെസ്റ്റ് അടുത്ത ദിവസംതന്നെ ഉണ്ടായേക്കുമെന്നാണ് വിവരം.

കഴിഞ്ഞിടെ സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍ തുടങ്ങിയ പ്രമുഖ യുവതാരങ്ങളും ആദ്യ അവസരത്തില്‍ ഫിറ്റ്നസ് ടെസ്റ്റ് പരാജയപ്പെട്ടിരുന്നു. രണ്ടാം അവസരത്തിലാണ് ഇരുവരും ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കൂട്ടത്തോടെ പരിക്കിന്റെ പിടിയിലായതോടെയാണ് രണ്ട് കിലോമീറ്റര്‍ ഓട്ട പരീക്ഷണം കൂടി യോയോ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ വളര്‍ന്നുവന്ന താരങ്ങളാണ് തെവാത്തിയയും വരുണും. രാജസ്ഥാന്‍ റോയല്‍സ് താരമായ തെവാത്തിയ ഷെല്‍ഡോന്‍ കോട്രലിനെ ഒരോവറില്‍ അഞ്ച് സിക്സര്‍ പറത്തിയതോടെയാണ് താരമായി മാറിയത്. മധ്യനിരയില്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ് തെവാത്തിയ.

വരുണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ്. അവസാന സീസണിലെ മികച്ച പ്രകടനത്തോടെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 ടീമിലേക്ക് വരുണിനെ പരിഗണിച്ചെങ്കിലും പരിക്കിനെത്തുടര്‍ന്ന് താരം പുറത്തായി. ഇപ്പോള്‍ വീണ്ടും ദേശീയ ടീമിലേക്ക് അവസരമെത്തിയപ്പോള്‍ ഫിറ്റ്നസ് ടെസ്റ്റ് വില്ലനായിരിക്കുകയാണ്.

ഐപിഎല്‍ വരാനുള്ളതിനാല്‍ ടി20 ടീമില്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ തെവാത്തിയക്കും വരുണിനുമെല്ലാം മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്.

 

You Might Also Like