അവന്‍ തിരിച്ചുവരുന്നു, ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയിരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിശീലനം പുനരാരംഭിച്ചു. ജഡേജ തന്നെ താന്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചു.

എന്നാല്‍ ഇനിയും വിശ്രമം വേണ്ടിവരുമെന്നതിനാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് ജഡേജ പുര്‍ണ്ണമായും വിട്ടുനില്‍ക്കും.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ജഡേജയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏകദിന പരമ്പരയിലും അദ്ദേഹത്തിന് വിശ്രമം നല്‍കിയേക്കും. ഇനി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമാവും ജഡേജ കളിക്കാന്‍ സാധ്യത.

മാര്‍ച്ച് 11ന് സിഎസ്‌കെ ക്യാംപ് ആരംഭിക്കുന്നുണ്ട്. എന്നാല്‍ മാര്‍ച്ച് പകുതിയോടെയാവും ജഡേജ ടീമിനൊപ്പം ചേരുകയെന്നാണ് വിവരം.

ജഡേജയുടെ അഭാവത്തില്‍ ടെസ്റ്റ് ടീമിലെത്തിയ അക്ഷര്‍ പട്ടേല്‍ അവസരം നന്നായി മുതലെടുക്കുന്നുണ്ട്. അവസാന മൂന്ന് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അക്ഷറിനായി. എന്നാല്‍ ബാറ്റുകൊണ്ട് കാര്യമായ സംഭാവന ചെയ്യാന്‍ അക്ഷറിന് സാധിച്ചിട്ടില്ല. ജഡേജ തിരിച്ചെത്തുമ്പോള്‍ അക്ഷറിനെ പുറത്തിരുത്തേണ്ടി വന്നേക്കും.

ടി20 ടീമില്‍ ജഡേജയുടെ അഭാവം നികത്താനാണ് രാഹുല്‍ തെവാത്തിയയെ ഇന്ത്യ പരിഗണിച്ചത്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള താരത്തിന് ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

You Might Also Like