ഇംഗ്ലണ്ടിനെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ്!

അഹമ്മദാബാദില്‍ ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 112 റണ്‍സിന് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ടിനെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഒന്നാം ഇന്നിങ്സ് സ്‌കോറെന്ന റെക്കോഡാണ് ഇംഗ്ലണ്ടിനേ തേടിയെത്തിയത്.

വെറും 48.4 ഓവറാണ് ഇംഗ്ലണ്ടിന് ബാറ്റ് ചെയ്യാനായത്. ഈ റെക്കോഡില്‍ തലപ്പത്തുള്ളത് ബംഗ്ലാദേശാണ്. 2019ല്‍ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 106 റണ്‍സിനാണ് ബംഗ്ലാദേശിന് ഇന്ത്യക്കെതിരേ നേടാനായത്.

മൂന്നാം സ്ഥാനത്ത് പാകിസ്താനാണ്. 1987ല്‍ ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ 116 റണ്‍സാണ് പാകിസ്താന്‍ നേടിയത്. 1994ല്‍ അഹമ്മദാബാദില്‍ ശ്രീലങ്കയെ 119 റണ്‍സിനും ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. 1978ല്‍ ഓസ്ട്രേലിയയെ അവരുടെ തട്ടകമായ സിഡ്നിയില്‍ 131 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് അപ്രതീക്ഷിത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയെക്കാള്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അനുഭവസമ്പത്തുണ്ടെങ്കിലും മൊട്ടേറയില്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു.

അര്‍ധ സെഞ്ച്വറി നേടിയ സാക്ക് ക്രോളിക്ക് (53) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. ഏഴ് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല. ഇഷാന്ത് ശര്‍മ തുടങ്ങിവെച്ച വിക്കറ്റ് വേട്ട ആറ് വിക്കറ്റ് പ്രകടനം നടത്തിയ അക്ഷര്‍ പട്ടേല്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

You Might Also Like