രോഹിത്തിനും ശ്രേയസിനും തിരിച്ചടി, ഐപിഎല്ലും കളിക്കാനാകില്ല

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ തേടി ഞെട്ടിക്കുന്ന വാര്‍ത്ത. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മക്കും ശ്രേയസ് അയ്യര്‍ക്കും പരിക്കേറ്റതാണ് പുതിയ തലവേദന. ഇരുവരുടേയും പരിക്ക് നിരീക്ഷിച്ച് വരുകയാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയ്ക്കുന്നു.
ഇതില്‍ രോഹിത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. എന്നാല്‍ ശ്രേയസിന് തോളിനേറ്റ പരിക്ക് അല്‍പം ഗുരുതരമാണ്. ഇതോടെ ശ്രേയസിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ശ്രേയസിന് ഏകദിന പരമ്പരയിലേ അവശേഷിക്കുന്ന മത്സരവും ഐപിഎല്ലും നഷ്ടമാകും എന്നാണ് പുറത്ത് വരുന്ന വിവരം.
ഡല്‍ഹി ക്യാപിറ്റല്‍സിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഈ വാര്‍ത്ത. അവരുടെ നായകനാണ് ശ്രേയസ് അയ്യര്‍. ശ്രേയസിന്റെ അഭാവം ഡല്‍ഹിയുടെ ഐപിഎല്‍ മുന്നൊരുക്കങ്ങളെല്ലാം ബാധിക്കാനിടയുണ്ട്.
ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ എട്ടാം ഓവറിലാണ് ശ്രേയസിന് തോളിന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ ശ്രേയസിന് ഫസ്റ്റ്എയ്ഡ് നല്‍കിയെങ്കിലും കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മൈതാനത്ത് നിന്ന് തിരികെ വിളിച്ചു. അദ്ദേഹത്തെ സ്‌കാനിങ്ങിന് വിധേയമാക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നെങ്കിലും മറ്റ് റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല.
അതേ സമയം ഓപ്പണറായ രോഹിതിന്റെയും കൈക്കാണ് പരിക്കേറ്റത്. വലത് കൈ മുട്ടിന് പന്ത് കൊണ്ടതിനെത്തുടര്‍ന്ന് മുറിവ് ഉണ്ടായിരുന്നു. പിന്നീട് മുറിവ് കെട്ടിവെച്ചാണ് രോഹിത് ഇറങ്ങിയത്. ഇന്ത്യക്കുവേണ്ടി ഫീല്‍ഡ് ചെയ്യാന്‍ രോഹിത് ഇറങ്ങിയിരുന്നില്ല. മുറിവിന് ശേഷം ഷോട്ട് കളിക്കാന്‍ രോഹിത് വളരെയധികം പ്രയാസപ്പെട്ടിരുന്നു.
ഇതോടെ അടുത്ത മത്സരങ്ങളില്‍ പുതുമുഖ താരങ്ങളായ സൂര്യകുമാര്‍ യാദവിനും ശുഭ്മാന്‍ ഗില്ലിനും അവസരം ലഭിച്ചേക്കും. ശ്രേയസിന് പകരം നാലാം നമ്പറിലാവും സൂര്യകുമാറിന് അവസരം ലഭിക്കുക. ഗില്‍ ഓപ്പണര്‍ റോളിലുമെത്തും.