എനിക്ക് വേണ്ടത് അയാളുടെ വിക്കറ്റ്, വെല്ലുവിളിയുമായി സിറാജ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ പ്രധാനമായും താന്‍ ലക്ഷ്യമിടുന്നത് ആരുടെ വിക്കറ്റാണെന്ന് തുറന്നുപറഞ്ഞ് ഇന്ത്യയുടെ യുവ പേസര്‍ മുഹമ്മദ് സിറാജ്. ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ ടെസ്റ്റ് പരമ്പരയുടെ തുടക്കം. അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ പരമ്പര ജയത്തില്‍ സുപ്രധാന പങ്കുവഹിച്ച സിറാജ് ഇംഗ്ലീഷ് മണ്ണില്‍ മൂര്‍ച്ച കാട്ടിയാല്‍ ഇന്ത്യക്ക് അത് ഗുണം ചെയ്യും.

‘ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ജോ റൂട്ട്. ഞാന്‍ അദ്ദേഹത്തിന്റെ വിക്കറ്റ് ഉന്നമിടുന്നു. മറ്റു ചില ബാറ്റ്‌സ്മാന്‍മാരും എന്റെ മനസ്സിലുണ്ട്. നാട്ടിലെ പരമ്പരയില്‍ റൂട്ടിനെ ഞാന്‍ പുറത്താക്കിയിരുന്നു. ടീമിനായി കഴിയുന്നത്ര വിക്കറ്റുകള്‍ വീഴ്ത്തുകയാണ് ലക്ഷ്യം’ സിറാജ് പറഞ്ഞു.

‘ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. അജ്ജു ഭായിക്ക് (അജിന്‍ക്യ രഹാനെ) കീഴില്‍ കളിക്കുന്നത് വിസ്മയകരം. അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചു. ആ പരമ്പരയെ കുറിച്ച് ഓര്‍ത്താല്‍ ഇപ്പോഴും രോമാഞ്ചം വരും. ഇംഗ്ലണ്ടിനെതിരെ കളിക്കാനൊരുങ്ങുമ്പോള്‍ എനിക്ക് സമ്മര്‍ദ്ദമില്ല. ആത്മവിശ്വാസമുണ്ട്. മികച്ച താരങ്ങള്‍ അടങ്ങിയതാണ് നമ്മുടെ ടീം.’ സിറാജ് പറഞ്ഞു

‘വിരാട് ഭായിക്ക് കീഴില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനാവുമെന്ന് ആത്മവിശ്വാസമുണ്ട്. ഇംഗ്ലണ്ടില്‍ വിരാടിനൊപ്പം ട്രോഫിയുമായി നില്‍ക്കാന്‍ അതിയായ ആഗ്രഹം തോന്നുന്നു. നമ്മുടെ ടീം ശക്തമാണ്. വലിയ പരമ്പരയ്ക്ക് നാം തയാറെടുത്തുകഴിഞ്ഞു’ സിറാജ് കൂട്ടിച്ചേര്‍ത്തു.

You Might Also Like