ഹാര്‍ദ്ദിക്കിന്റെ പകരക്കാരന്‍ ആ ഇന്ത്യന്‍ താരം, പ്രഖ്യാപനവുമായി ഇന്ത്യന്‍ പരിശീലകന്‍

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലീഷ് പര്യടനത്തിനുമുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്തായതായിരുന്നു ഏറ്റവും വലിയ വാര്‍ത്ത. ഒരു ചെറിയ കാലയളവാണ് ടീം ഇന്ത്യയ്ക്കായി കളിച്ചതെങ്കിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി ഇതിനോടകം മാറിയ താരമായിരുന്നു ഹാര്‍ദ്ദിക്ക്.

ഫാസ്റ്റ് ബോളിംഗിനെ തുണക്കുന്ന പിച്ചുകളാണ് ഇംഗ്ലണ്ടിലേത് എന്നതിനാല്‍ ഹാര്‍ദിക് ടീമിലെത്തുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും പരിക്കും ശാസ്ത്ര ക്രിയയും സമ്മാനിച്ച തിരിച്ചടിയെ തുടര്‍ന്ന് പന്തെറിയാന്‍ കഴിയില്ലെന്നതിനാല്‍ ആണ് ഹാര്‍ദ്ദിക്കിനെ ടീം ഇന്ത്യ പുറത്താക്കിയത്.

എന്നാല്‍ ഹാര്‍ദ്ദിക്കിന്റെ പിന്‍ഗാമി ടീം ഇന്ത്യയിലുണ്ടെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണ്‍ രംഗത്തെത്തി. ഷാര്‍ദുല്‍ താക്കൂറിനെയാണ് ഹാര്‍ദ്ദിക്കിന്റെ പിന്‍ഗാമിയായി ഭരത് അരുണ്‍ വിലയിരുത്തുന്നത്.

തനിക്ക് ഒരു മികച്ച ഓള്‍ റൗണ്ടറാകാന്‍ കഴിയുമെന്ന് ഷര്‍ദുല്‍ താക്കൂര്‍ തെളിയിച്ചിട്ടുണ്ടെന്നും, ഓസ്‌ട്രേലിയയിലെ അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും ഭരത് അരുണ്‍ പറയുന്നു,

”ഓള്‍ റൗണ്ടര്‍മാരെ കണ്ടെത്തുന്നത് സെലക്ടര്‍മാരുടെ ജോലിയാണ്. അതിന് ശേഷം അവരെ വികസിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. തനിക്ക് ഒരു മികച്ച ഓള്‍ റൗണ്ടറാകാമെന്ന് ഷര്‍ദുല്‍ താക്കൂര്‍ തെളിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു.” ഭരത് അരുണ്‍ വിലയിരുത്തി.