ടീം ഇന്ത്യയ്‌ക്കെതിരെ ഇന്ത്യന്‍ ടീം കളിയ്ക്കുന്നു, അതും വിദേശത്ത്! ആവേശ മത്സരം പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി കൗതുക മത്സരം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യന്‍ സീനിയര്‍ ടീമും ഇന്ത്യ എ ടീമും പരസ്പരം ഏറ്റുമുട്ടുന്ന മത്സരമാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീം ഇന്ത്യ എയ്ക്ക് എതിരെ കളിക്കുന്നത്.

നാല് ദിവസത്തെ സന്നാഹ മത്സരമാണ് ഇന്ത്യ എയും സീനിയര്‍ ടീമും തമ്മില്‍ നടക്കുക. ഈ വര്‍ഷം ജൂലൈയില്‍ തോര്‍താംപ്ടണ്‍ഷെയറിലെ കൗണ്ടി ഗ്രൗണ്ടിലായിരിക്കും കളി. തിയതി പ്രഖ്യാപിച്ചിട്ടില്ല.

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ളത്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പര്യടനം. ആഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ്.

ജൂലൈ 28നാണ് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം. നോട്ടിങ്ഹാം ആണ് ആദ്യ ടെസ്റ്റിന്റെ വേദി. ആഗസ്റ്റ് 12 മുതലാണ് രണ്ടാം ടെസ്റ്റ്. ആഗസ്റ്റ് 25 മുതല്‍ മൂന്നാം ടെസ്റ്റും, സെപ്തംബര്‍ 2 മുതല്‍ നാലാം ടെസ്റ്റും, സെപ്തംബര്‍ 10 മുതല്‍ അഞ്ചാം ടെസ്റ്റും എന്നതാണ് ഷെഡ്യൂള്‍.

രണ്ടാം ടെസ്റ്റിന്റേയും നാലാം ടെസ്റ്റിന്റേയും വേദി ലണ്ടനായിരിക്കും. മൂന്നാം ടെസ്റ്റ് ലീഡ്സിലും, അഞ്ചാം ടെസ്റ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും വെച്ച് നടക്കും. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ടീം.

You Might Also Like