ഇങ്ങനെ ഒഴുക്കോടെ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ഇതുവരെ കണ്ടിട്ടില്ല, കട്ട സപ്പോര്‍ട്ടുമായി ഐഎം വിജയന്‍
കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യം മത്സരം തോറ്റെങ്കിലും അതൊരു ശുഭസൂചനയാണെന്നാണ് ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍ പറയുന്നത്. മലയാള മനോരമയില്‍ എഴുതിയ തന്റെ കോളത്തിലാണ് വിജയന്‍ ഇക്കാര്യം നിരീക്ഷിക്കുന്നത്.
കാര്യമായ പ്രീസീസണും കണ്ടീഷനിങ് ക്യാംപുമൊന്നുമില്ലാതെ ആദ്യ കളിയില്‍ ഇത്രയേറെ ഒത്തിണക്കം കാണിച്ച ബ്ലാസ്‌റ്റേഴ്‌സ് അഭിനന്ദനം അര്‍ഹിക്കുന്നതായി വിജയന്‍ പറയുന്നു. ആദ്യ കളിയില്‍ ത്‌ന്നെ ഇത്രയേറെ മനോഹരമായി കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ താന്‍ ആദ്യമായി കാണുന്നതെന്നും ഇതിന് മുമ്പെല്ലാം ജയത്തോടെ തുടങ്ങിയിരുന്നെങ്കിലും ഇത്ര ഒഴുക്കോടെ കളിച്ചിട്ടില്ലെന്നും വിജന്‍ പറയുന്നു.
അതെസമയം സഹലിന്റെ പ്രകടനത്തിലുളള അതൃപ്തി വിജയന്‍ തുറന്ന് പറയുന്നു. മത്സരത്തില്‍ ഹീറോ ആകാനുള്ള രണ്ട് അവസരങ്ങളാണു സഹലിനു മുന്നില്‍ തുറന്നുകിട്ടിയതെന്നും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ ടീമിന്റെ ഇംപാക്ട് പ്ലെയറെന്ന നിലയ്ക്കു വളരാനാകൂവെന്നും അദ്ദേഹം വിലയിരുന്നുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയേയും വിജയന്‍ പ്രശംസിക്കുന്നുണ്ട്.
മലയാള മനോരമയില്‍ വിജയന്‍ എഴുതിയ കോളം വായിക്കാം
സീസണിലെ ആദ്യമത്സരം. നിലവിലെ ജേതാക്കള്‍ക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം. ഐഎസ്എലിന്റെ സ്റ്റാറ്റ്‌സില്‍ ഇതാകും ആദ്യ മത്സരത്തിന്റെ ചുരുക്കെഴുത്ത്. പക്ഷേ, ഒരു പോയിന്റുമില്ലാതെ മടങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിനു സന്തോഷിക്കാം. കാര്യമായ പ്രീസീസണും കണ്ടീഷനിങ് ക്യാംപുമൊന്നുമില്ലാതെ ആദ്യ കളിയില്‍ ഇത്രയേറെ ഒത്തിണക്കം കാണിച്ചതിനു ടീം കയ്യടി അര്‍ഹിക്കുന്നു.
നിലവിലെ ഐഎസ്എല്‍ ജേതാക്കളും ഐ ലീഗ് ജേതാക്കളും ഒരുമിച്ചു ചേര്‍ന്നൊരു ടീമിനു മുന്നില്‍ അവര്‍ പുറത്തെടുത്തത് ഒന്നാന്തരം കളി തന്നെയാണ്. ഇഷ്ടം തോന്നിപ്പിക്കുന്ന കളി. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെ കളിക്കുന്നതു ഞാനാദ്യമായി കാണുകയാണ്. ഇതിനു മുന്‍പു ജയത്തോടെ തുടങ്ങിട്ടുണ്ടെങ്കിലും ഇത്ര ഒഴുക്കോടെ കളിച്ചിട്ടില്ല.
ബ്ലാസ്റ്റേഴ്‌സില്‍ പുതിയൊരു ആവേശം കാണാമെന്നു മുന്‍പു പറഞ്ഞതു വെറുതെയായില്ല. പ്രതിരോധത്തിലാണ് അതേറെ പ്രകടമായത്. ഗോളിനു മുന്നില്‍ കോസ്റ്റയും കോനെയും നെഞ്ചു വിരിച്ചു നില്‍ക്കുന്ന കാഴ്ച പ്രതീക്ഷ പകരുന്നു. ആദ്യകളിയില്‍തന്നെ ഇരുവരും പരസ്പര ധാരണ കാട്ടി. ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങളിലെല്ലാം പോസിറ്റീവ് സമീപനം കാണാനായി. യുവതാരനിരയും ഉണര്‍ന്നു ശ്രമിച്ചു.
സഹലിന്റെ കാര്യത്തില്‍ മാത്രമാണു മറിച്ചുപറയാനുള്ളത്. മത്സരത്തില്‍ ഹീറോ ആകാനുള്ള 2 അവസരങ്ങളാണു സഹലിനു മുന്നില്‍ തുറന്നുകിട്ടിയത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ ടീമിന്റെ ഇംപാക്ട് പ്ലെയറെന്ന നിലയ്ക്കു വളരാനാകൂ. റോയ് കൃഷ്ണയുടെ ഗോള്‍ തന്നെ ഇതിനുദാഹരണം. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു ആ സ്‌ട്രൈക്കര്‍. അതിനിടെയൊരു സുവര്‍ണാവസരം വീണുകിട്ടി; അതു ഗോളുമാക്കി, കളിയും കൈക്കലാക്കി.
ഏവരെയുംപോലെ ഞാനും ബഗാന്‍ ജഴ്‌സിയിലെ സന്ദേശ് ജിങ്കാന്റെ പ്രകടനത്തിനായി കാത്തിരിക്കുകയായിരുന്നു. വലിയൊരു ശസ്ത്രക്രിയ കഴിഞ്ഞ് ഇത്ര വലിയൊരു വേദിയില്‍ തന്റെ ആദ്യ മത്സരത്തിനാണു ജിങ്കാന്‍ ബൂട്ടു കെട്ടിയത്. എന്നിട്ടും ജിങ്കാന്‍ ക്ലാസ് തെളിയിക്കുന്ന പ്രകടനമാണു പുറത്തെടുത്തത്.
ബ്ലാസ്റ്റേഴ്‌സിന് ഇനി ധൈര്യത്തോടെ അടുത്ത മത്സരത്തിനൊരുങ്ങാം. ഫിനിഷിങ്ങില്‍കൂടി ടീമിന് അല്‍പം മൂര്‍ച്ച വരാനുണ്ട്. ഈ തോല്‍വി ഒരു ശുഭസൂചനയെന്നേ ഞാന്‍ പറയൂ. തോല്‍വി വിജയത്തിന്റെ മുന്നോടിയാണല്ലോ. ജയിച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്‌സല്ല, പരാജയം കണ്ടുതുടങ്ങിയ ബ്ലാസ്റ്റേഴ്‌സാണ് ഇതിനു മുന്‍പു 2 തവണ ഫൈനല്‍ വരെയെത്തിയത്