ഐഎം വിജയന് ബ്ലാസ്‌റ്റേഴ്‌സിനോട് പകയെന്തുകൊണ്ട്?

Image 3
FootballISL

ഗോകുലം കേരള എഫ്‌സി ഐഎസ്എല്‍ കളിക്കുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പകരം ഗോകുലത്തെ പിന്തുണക്കുമെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഐഎ വിജന്റെ പ്രസ്താവന ഏറെ ചര്‍ച്ചയാകുകയാണല്ലോ. കേരള ബ്ലാസ്‌റ്റേഴ്‌സിനേക്കാളേറെ മലയാളി താരങ്ങളെ പിന്തുണയ്ക്കുന്നത് ഗോകുലം ആണെന്നാണ് വിജയന്റെ നിരീക്ഷണം.

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ വിജയന്റെ പ്രസ്താവ ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. അതിനിടെ എന്ത് കൊണ്ടാണ് വിജയന്‍ പലപ്പോഴും കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നിലപാട് സ്വീകരിക്കാന്‍ കാരണം എന്ന് പരിശോധിക്കുകയാണിവിടെ. ഇന്ത്യയുടെ ഇതിഹാസ താരത്തോട് ആദ്യ കാലത്ത് ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് ചെയ്ത അവഗണനയും അപമാനവുമാണ് വിജയനെ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സും ഐഎം വിജയനും തമ്മിലുളള പോര് തുടങ്ങുന്നത് ഐഎസ്എല്‍ മൂന്നാം സീസണ്‍ മുതലാണ്. രണ്ടാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഏറെ വിമര്‍ശനമാണ് ടീമിന് നേരിടേണ്ടി വന്നത്. കാര്യമായ മലയാളി സാന്നിധ്യമില്ലാത്ത ആ ടീമിനെതിരെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടു.

ഇതോടെ ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള താരങ്ങളെ സ്‌കൗട്ട് ചെയ്യാന്‍ ഐഎം വിജയന്റെ നിയമിക്കാന്‍ മുറവിളി ഉയരുകയും ക്ലബ് ഇത്തരമൊരു നീക്കം നടത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടെ വിജയനെ തഴയാനും പകരം പുതിയ താരങ്ങളെ കണ്ടെത്തുന്ന ചുമതല എന്‍വി പ്രദീപിനെ ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് ഏല്‍പിക്കുകയും ചെയ്തു. വിജയനെ സംബന്ധിച്ച് ഏറെ അപമാനകരമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആ നീക്കം. ബ്ലാസ്റ്റേഴ്‌സും വിജയനും തമ്മിലെ മാനസിക അകലത്തിന് തുടക്കം ഈ സംഭവമായിരുന്നു.

മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു. ഫൈനല്‍ മത്സരം കാണാന്‍ മറ്റെല്ലാവരേയും ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ക്ഷണിച്ചപ്പോള്‍ വിജയനെ മാത്രം തഴയുകയായിരുന്നു. പുതുമുഖ സിനിമ താരങ്ങളായ റോഷനും പ്രിയ വാര്യരെയുമെല്ലാം വിവിഐപി ടിക്കറ്റ് നല്‍കി ക്ഷണിച്ചപ്പോഴാണ് കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയന്‍ ഈ അപമാനം ഏറ്റ് വാങ്ങിയത്.

അന്ന് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ വെറുതെയിരുന്നില്ല. വലിയ പ്രതിഷേധമാണ് വിജയന് വേണ്ടി ആരാധകര്‍ ഉയര്‍ത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അമ്പാസിഡറായിരുന്ന നിവിന്‍ പോളി ഇടപെട്ടതോടെ ഒടുവില്‍ വിജയന് വിവിഐപി ടിക്കറ്റ് നല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സ് സമ്മതിക്കുകയായിരുന്നു. അന്ന് മുതല്‍ ബ്ലാസ്‌റ്റേഴ്‌സുമായി വിജയന്‍ മാനസികമായി അകലത്തിലാണ്.

ഇതിനിടെ ഐലീഗ് ക്ലബായി ഉയര്‍ന്ന് വന്ന ഗോകുലം എഫ്‌സി കേരളത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യങ്ങളെ ആ വിധത്തില്‍ മനസ്സിലാക്കാന്‍ തയ്യാറാകുകയായിരുന്നു. വിജയന് പ്രത്യേക സ്ഥാനം തന്നെ ഗോകുലം കേരള നല്‍കുകയുണ്ടായി. വിജയന്റെ അഭിപ്രായങ്ങളെ നെഞ്ചിലേറ്റിയ ഗോകുലം എല്ലാ കാര്യത്തിലും ഇന്ത്യന്‍ ഇതിഹാസത്തിന്റെ അഭിപ്രായവും ആരാഞ്ഞു. വിജയന്‍ കോഴിക്കോട് കളികാണാനെത്തിയാല്‍ അഭിമാന പൂര്‍വ്വം സ്വാഗതം ചെയ്യാനും ഗോകുലം മറന്നില്ല. ഇതിന്റെ തുടര്‍ച്ച മാത്രമാണ് ഗോകുലത്തെ പുകഴ്ത്തുന്ന വിജയന്റെ നിലപാടിന് പിന്നില്‍.

കടപ്പാട്: നൈസാം (മഞ്ഞപ്പട ടെലഗ്രാം ഗ്രൂപ്പ്)