പൊസിഷനിംഗും പാസിംഗും ഞെട്ടിച്ചു, ഈ അടുത്തകാലത്തൊന്നും ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെ കളിച്ചിട്ടില്ലെന്ന് വിജയന്‍

ഒഡീഷ എഫ്‌സിയ്‌ക്കെതിരെ ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. മലയാള മനോരമയില്‍ ഐഎസ്എല്‍ മത്സരം വിലയിരുത്തി കൊണ്ട് എഴുതിയ തന്റെ കോളത്തിലാണ് വിജയന്‍ ബ്ലാസ്റ്റേഴ്‌സിനെ പ്രശംസകൊണ്ട് മൂടിയത്.

പ്രസ്സിങ്ങിലും പാസിങ്ങിലും പൊസഷനിലും പൊസിഷനിങ്ങിലുമെല്ലാം ഇത്രയേറെ പെര്‍ഫക്ട് ആയൊരു പ്രകടനം അടുത്ത നാളുകളിലൊന്നും ബ്ലാസ്റ്റേഴ്‌സ് കാഴ്ച വച്ചിട്ടില്ലെന്നാണ് വിജയന്‍ വിലയിരുത്തുന്നത്. ബ്ലാസ്റ്റേഴ്‌സിനായി ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും വിജയന്‍ പറഞ്ഞു.

വിജയന്‍ മനോരമയില്‍ എഴുതിയ കോളം വായിക്കാം

ഇതാണു കളി. ഇതിനു വേണ്ടിയാണു കേരളം കാത്തിരുന്നത്. കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി ജേതാക്കള്‍ക്കു സമര്‍പ്പിച്ച കുപ്പായമണിഞ്ഞെത്തിയ ബ്ലാസ്റ്റേഴ്‌സ് കളത്തിലും സന്തോഷം സമ്മാനിച്ച മത്സരമാണിത്. പ്രസ്സിങ്ങിലും പാസിങ്ങിലും പൊസഷനിലും പൊസിഷനിങ്ങിലുമെല്ലാം ഇത്രയേറെ പെര്‍ഫക്ട് ആയൊരു പ്രകടനം അടുത്ത നാളുകളിലൊന്നും ബ്ലാസ്റ്റേഴ്‌സ് കാഴ്ച വച്ചിട്ടില്ല.

ബ്ലാസ്റ്റേഴ്‌സിലെ നാലു വിദേശതാരങ്ങളും ഒരുപോലെ മൈതാനം കീഴടക്കിയ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെയും മികച്ച പ്രകടനമാണ് ഒഡീഷയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. യുവതാരങ്ങളായ പ്യൂട്ടിയയും ജീക്‌സണും സഹലും ബാരറ്റോയും ഖബ്രയുമെല്ലാം സുന്ദരമായ കളിയാണു പുറത്തെടുത്തത്. പകരക്കാരായെത്തിയ പ്രശാന്തിനും ഗോളി ഗില്ലിനുമെല്ലാം ആ സന്തോഷത്തിലെ കണ്ണികള്‍ ആകാനായി.

കൃത്യമായി പന്തു തനിക്കു കിട്ടിയാല്‍ എന്താകും സംഭവിക്കുകയെന്നു സ്പാനിഷ് സ്‌ട്രൈക്കര്‍ വാസ്‌കെസ് കാട്ടിത്തന്നു. പ്രശാന്തിന്റെ ഗോളും ഒന്നാന്തരം. കയ്യടികളുടെ നല്ലൊരു പങ്ക് കോച്ച് ഇവാന്‍ വുക്കൊമനോവിച്ചിനും കൂടി അവകാശപ്പെട്ടതാണ്. ബെംഗളൂരുവിനെതിരായ മത്സരത്തിനു ശേഷം ലഭിച്ച ചെറുതല്ലാത്ത ഇടവേള കോച്ച് ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിന്റെ ഫലമാണിത്.

You Might Also Like