ഒടുവില്‍ ഐഎം വിജനും, ഈ ബ്ലാസ്റ്റേഴ്‌സ് ടീം വേറെ ലെവല്‍

ഐഎസ്എല്‍ ഏഴാം സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രശംസിച്ച് ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനും. മലയാള മനോരമയില്‍ എഴുതിയ തന്റെ കോളത്തിലാണ് വിജയന്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്.

‘കോച്ചിന്റെ ടീം എന്ന നിലയ്ക്കു കാണാം ഈ ബ്ലാസ്റ്റേഴ്‌സിനെ. ‘പക്കാ പ്രഫഷനല്‍’ എന്നു പറയാവുന്നതായിരുന്നു ഇക്കുറി ടീമൊരുക്കം. അതിന്റെ ഗുണം കളത്തിലുണ്ടാകും. ആരാധകരുടെ കയ്യടി ‘മിസ്’ ആകുമെന്നു മാത്രം’ വിജയന്‍ പറഞ്ഞ് നിര്‍ത്തി.

വിജയനെഴുതിയ കോളം വായിക്കാം

ഏഴാം വരവില്‍ ഐഎസ്എലിനൊരു ‘സ്‌പെഷല്‍’ പരിവേഷമാണ്. ഒന്നല്ല, ഒരു കൂട്ടം പ്രത്യേകതകളുടേതാണ് ഈ സീസണ്‍. കാണികളില്ല എന്നതു തന്നെ ഇതിലാദ്യം. കളിക്കാരെ സംബന്ധിച്ച് ഇതൊരു നഷ്ടമാണ്. അതോര്‍ക്കുമ്പോള്‍ മനസ്സിലേക്കു പഴയൊരു കളിയെത്തും. 1997ല്‍ കൊച്ചിയില്‍ നടന്ന നെഹ്‌റു കപ്പില്‍ ഇറാഖിനെതിരായ ഇന്ത്യയുടെ കളി. ആര്‍ത്തിരമ്പുന്ന അരലക്ഷത്തിലേറെപ്പേരുടെ പിന്തുണ കൊണ്ടുമാത്രമാണു വമ്പന്‍മാരായ ഇറാഖിനെതിരെ ഞങ്ങള്‍ അന്നു പിടിച്ചുനിന്നത്. അവര്‍ ഒരു ചുവടു വച്ചാല്‍ നമ്മള്‍ രണ്ടു ചുവടു വയ്ക്കണമെന്ന ഊര്‍ജമായിരുന്നു ഞങ്ങള്‍ക്കു ഗാലറിയിലെ ആ ആവേശം.

ചാംപ്യന്‍സ് ലീഗിന്റെയും ലാ ലിഗയുടെയുമെല്ലാം പാതയില്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണു കളിയെങ്കിലും ഐഎസ്എലിനു പുതുജീവന്‍ പകരുന്നൊരു പ്രത്യേകതയുണ്ട്; ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും വരവ്. കൊല്‍ക്കത്ത ലീഗിന്റെ വീറും വാശിയും കൂടിയാണ് ഈ ടീമുകള്‍ക്കൊപ്പം ഐഎസ്എലിന്റെ ഭാഗമാകുന്നത്.

7ാം വരവില്‍ ടീമുകളിലുമുണ്ടു വലിയ മാറ്റങ്ങള്‍. പ്രവചിക്കാന്‍ നോക്കിയാലും പിടിതരുന്നില്ല ടീമുകളുടെ സാധ്യതകള്‍. അതുതന്നെ ലീഗിനു ശുഭസൂചനയാണ്. ദീര്‍ഘമേറിയ യാത്രകളും തിരക്കേറിയ ഷെഡ്യൂളുമില്ലാതെ ഗോവയില്‍ തന്നെയാണ് എല്ലാ മത്സരങ്ങളുമെന്നതും നല്ല കളി ഉറപ്പു തരുന്നു.

ബ്ലാസ്റ്റേഴ്‌സിലും ആവേശം കാണാം. നമുക്കു നല്ല ടീമുണ്ട് ഇത്തവണ. ഫുട്‌ബോളില്‍ കടിഞ്ഞാണ്‍ കോച്ചിന്റെ കൈകളിലാണ്. താരത്തിളക്കം ആവശ്യത്തിലേറെയുണ്ടെങ്കിലും സിനദിന്‍ സിദാനെപ്പോലെയുള്ള പരിശീലകര്‍ അവര്‍ക്ക് ആവശ്യമുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടില്ലേ? കോച്ചിന്റെ ടീം എന്ന നിലയ്ക്കു കാണാം ഈ ബ്ലാസ്റ്റേഴ്‌സിനെ. ‘പക്കാ പ്രഫഷനല്‍’ എന്നു പറയാവുന്നതായിരുന്നു ഇക്കുറി ടീമൊരുക്കം. അതിന്റെ ഗുണം കളത്തിലുണ്ടാകും. ആരാധകരുടെ കയ്യടി ‘മിസ്’ ആകുമെന്നു മാത്രം.

You Might Also Like