ഇത് തികച്ചും അപ്രതീക്ഷിതം, കോഹ്ലിയെ ഇതുവരെ കണ്ടിട്ടില്ല, അര്‍സാന്‍

ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത് തികച്ചും അപ്രതീക്ഷിതമായാണെന്ന് തുറന്ന് പറഞ്ഞ് ഗുജറാത്തില്‍ നിന്നുളള യുവതാരം അര്‍സാന്‍ നാഗസ്വല്ല. ഇടംകൈയ്യന്‍ ബൗളറായ അര്‍സാനെ സ്റ്റാന്‍ഡ് ബൈ ബൗളറായാണ് ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കും ഇംഗ്ലീഷ് പര്യടനത്തിനുമുളള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2018ല്‍ ഗുജറാത്തിനായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അര്‍സാന്‍ അരങ്ങേറിയത്. ഇരുഭാഗത്തേക്കും പന്ത് സ്വിംഗ് ചെയ്യിപ്പിക്കാന്‍ കഴിവുളള അര്‍സാന്‍ ഇന്ത്യയ്ക്കായി കളിയ്ക്കുകയാണെങ്കില്‍ ടീം ഇന്ത്യയ്ക്കായി കളിക്കുന്ന ആദ്യ പാര്‍സി താരമായും അര്‍സാന്‍ മാറും.
‘എന്റെ സെലക്ഷന് അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായിരുന്നു. എന്നെ പോലുളള ബൗളര്‍ക്ക് ഇംഗ്ലണ്ടിലെ അന്തരീക്ഷം മാതൃകയാണ്. അവിടേക്ക് പോകാനാകുന്നത് എന്നെ ആവേശഭരിതനാക്കുന്നു’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അര്‍സാന്‍ പറയുന്നു.
നേരത്തെ മുംബൈ ഇന്ത്യന്‍സ് നെറ്റ്സില്‍ പന്തെറിഞ്ഞിട്ടുണ്ട് എന്നല്ലാതെ ഐപിഎല്ലില്‍ ഇതുവരെ ഈ യുവതാരത്തിന് പന്തെറിയാനായിട്ടില്ല. മുംബൈ ക്യാമ്പില്‍ വെച്ച് രോഹിത്ത് ശര്‍മ്മയും സഹീര്‍ഖാനുമായി സംസാരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ നായകന് കോഹ്ലിയെ ഇതുവരെ അര്‍സാന്‍ നേരില്‍ കണ്ടിട്ടില്ല.
‘രോഹിത്ത് ശര്‍മ്മയായും എന്റെ റോള്‍ മോഡല്‍ സഹീര്‍ഖാനും അവിടെ വെച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ വിരാട് കോഹ്ലിയെ നേരില്‍ കണ്ടില്ല; അര്‍സാന്‍ പറഞ്ഞു.
2011 ലോകകപ്പിലെ ഇന്ത്യയുടെ വിജയം കണ്ടാണ് ക്രിക്കറ്റ് താന്‍ കരിയറായി തെരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്തുന്ന അര്‍സാന്‍ ഇംഗ്ലണ്ടിലിലേക്കുളള യാത്ര തനിയ്ക്ക് ഒട്ടേറെ പുതിയ അനുഭവം നല്‍കുമെന്നും ഉറച്ച് വിശ്വസിക്കുന്നു. ഗുജറാത്തിനായി 16 മത്സരങ്ങള്‍ കളിച്ചിട്ടുളള താരം 22.53 ശരാശരിയില്‍ 62 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.