ഇന്ത്യയിലേക്ക് വരാന്‍ കൊതിക്കുന്നതായി മുന്‍ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍
ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന താരങ്ങളുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ ഇടംപിടിക്കുമെന്ന് ഉറപ്പുളള പേരാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ജയിംസിന്റേത്. കളിക്കാരനായും പരിശീലകനായും കേരള ബ്ലാസ്റ്റേഴ്‌സിനെ മൂന്ന് സീസണോളം നയിച്ച താരമാണ് ഡേവിഡ് ജയിംസ്.
നിലവില്‍ അന്‍പത് വയസ് തികച്ച ലിവര്‍പൂള്‍ ഇതിഹാസം ഇന്ത്യയിലേക്ക് പരിശീലകനായി വീണ്ടുമെത്തണമെന്ന് കൊതിക്കുകയാണ്. ടെലഗ്രാഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഡേവിഡ് ജയിംസ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘നിലവില്‍ ഇംഗ്ലണ്ടില്‍ പരിശീലകനാകാനാകാനുളള പരിശ്രമത്തിലാണ് ഞാന്‍. എന്നാല്‍ ഇന്ത്യയിലേക്ക് വരില്ല എന്ന് ഞാന്‍ പറയില്ല. കാരണം യുകെ കഴിഞ്ഞാല്‍ ഞാനേറെ സ്‌നേഹിക്കുന്ന രാജ്യമാണത്. ഞാന്‍ ഇന്ത്യയിലേക്ക് ഏത് കാരണത്താലും മടങ്ങാന്‍ ഇഷ്ടപ്പെടുന്നു. എനിക്കവിടെ ചില കാര്യങ്ങള്‍ നന്നായി ആസ്വദിക്കാനാകും’ ഡേവിഡ് ജയിംസ് പറയുന്നു.
ലിവര്‍പൂളിനായി 214 മത്സരവും മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി 93 മത്സരവും കളിച്ചിട്ടുളള താരം ഐഎസ്എല്‍ ആദ്യ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലകാത്തത്. അന്ന് ടീമിന്റെ പരിശീലകനും മാര്‍ക്കീ താരവും ജയിംസ് തന്നെയായിരുന്നു. ആ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലും എത്തിയിരുന്നു.
പിന്നീട് 2017ല്‍ റെനെ മ്യൂളസ്റ്ററിനെ പുറത്താക്കിയ ഒഴിവില്‍ ജയിംസ് വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി. തുടര്‍ന്നുളള സീസണിലും ജയിംസ് ആണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെ പ്ലേ ഓഫിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടതോടെ താരത്തെ ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കുകയായിരുന്നു.