ചര്‍ച്ചിലിനെ തകര്‍ത്തെറിഞ്ഞു, ഗോകുലത്തിന്റെ മധുര പ്രതികാരം

ഐ ലീഗില്‍ തോല്‍വി അറിയാതെ മുന്നേറിയ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തകര്‍ത്ത് കേരളത്തിന്റെ സ്വന്തം ക്ലബം ഗോകുലം എഫ്‌സി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗോകുലം ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തകര്‍ത്തെറിഞ്ഞത്.

കഴിഞ്ഞ പാദത്തില്‍ ചര്‍ച്ചിലിനോടേറ്റ തോല്‍വിയ്ക്കുളള മധുര പ്രതികാരമായി മാറി ഗോകുലത്തിന്റെ ഈ വിജയം.

മത്സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ലീഡ് എടുക്കാന്‍ ഗോകുലം കേരളക്ക് ആയി. നാലാം മിനുട്ടില്‍ ആന്റ്വിയുടെ ഒരു ക്രോസില്‍ നിന്ന് സെല്‍ഫ് ഗോളിലൂടെ ആയിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍.

രണ്ടാം പകുതിയിലാണ് ഗോകുലം കേരള രണ്ടാം ഗോള്‍ നേടുന്നത്. 56ആം മിനുട്ടില്‍ റൊണാള്‍ഡിനെ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍ട്ടി ഗോളിക്ക് ഒരു ചാന്‍സും കൊടുക്കാത്ത കിക്കിലൂടെ ആന്റ്വി വലയില്‍ എത്തിച്ചു. 62ാം മിനുട്ടില്‍ ആന്റ്വി വീണ്ടും വല കുലുക്കി. ഇത്തവണ മികച്ച സ്‌കില്ലിലൂടെ ഡിഫന്‍ഡേഴ്‌സിനെ കബളിപ്പിച്ചായിരുന്നു ആന്റ്വിയുടെ ഷോട്ട്.

ഈ വിജയത്തോടെ ഗോകുലം കേരള ലീഗില്‍ 22 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. ഒന്നാമതുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി മൂന്ന് പോയിന്റിന്റെ വ്യത്യാസം മാത്രമേ ഇപ്പോള്‍ ഉള്ളൂ. ഇനി ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ആണ് അവശേഷിക്കുന്നത്. ഇപ്പോഴും ഗോകുലം കേരളക്ക് കിരീട പ്രതീക്ഷയുണ്ട്.

You Might Also Like