വികാരനിർഭരമായ തിരിച്ചു വരവ്! റയലില്‍ കസിയസ് തിരിച്ചെത്തി

നീണ്ട ഇടവേളയ്ക്കു ശേഷം റയല്‍ മാഡ്രിഡിലേക്ക് തന്നെ തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണ് സ്പാനിഷ് ഇതിഹാസം ഐകര്‍ കസിയസ്. സ്പാനിഷ് വമ്പന്മാരുടെ പ്രസിഡന്റായ ഫ്‌ലോരെന്റിനോ പെരെസിന്റെ ഉപദേശകനായാണ് ഐകര്‍ കസിയസ് നിയമിതാനാവുക.

നിലവില്‍ പോര്‍ച്ചുഗീസ് ക്ലബായ എഫ് സി പോര്‍ട്ടോയുടെ ഗോള്‍കീപ്പറായി തുടരുന്ന താരം ഈ സീസണ്‍ അവസാനിക്കുന്നതോടെ ഔദ്യോഗികമായി ഫുട്‌ബോളില്‍ നിന്നും വിടപറയാനുള്ള ഒരുക്കത്തിലായിരുന്നു. റയല്‍ മാഡ്രിഡിനൊപ്പം എഫ്സി പോര്‍ട്ടോയും ലീഗ് കിരീടം നേടി മികച്ച പ്രകടനമാണ് നടത്തുന്നത്. കിരീടവിജയത്തോടെ സീസണ്‍ അവസാനത്തോടു കൂടി ബൂട്ടഴിക്കാനാണ് കസിയസിന്റെ നീക്കം.

2015ല്‍ ക്ലബ് പ്രസിഡന്റുമായുള്ള ചൂടന്‍ വാഗ്വാദങ്ങള്‍ക്കൊടുവിലാണ് കസിയസ് ക്ലബ് വിട്ടതെന്നു സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസിയസ് തന്നെ ഒരുക്കിയ വിടവാങ്ങല്‍ പത്രസമ്മേളനത്തില്‍ ക്ലബ് അധികൃതരാരും പങ്കെടുത്തിരുന്നില്ല. വികാരാധീനനായി പൊട്ടിക്കരഞ്ഞുകൊണ്ട് ക്ലബ് വിടുകയാണെന്നു പറഞ്ഞ നിമിഷങ്ങള്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു.

റയല്‍ മാഡ്രിഡിന് വേണ്ടി നിരവധികിരീടങ്ങള്‍ക്ക് വേണ്ടി ഗോള്‍വല കാത്ത താരം വളരെ ചെറിയ ആരാധകക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ബെര്‍ണബ്യൂവില്‍ നിന്നും വിടവാങ്ങിയത്. ഇതിനെതിരെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മകനെ അധിക്ഷേപിച്ചു ചവിട്ടിപുറത്താക്കുകയാണുണ്ടായതെന്നു ആരോപിച്ചിരുന്നു. എങ്കിലും റയല്‍ മാഡ്രിഡ് എന്ന ക്ലബ്ബിനെ ജീവനുതുല്യം സ്‌നേഹിച്ച കാസിയസിന്റെ തിരിച്ചു വരവ് എല്ലാത്തിനും പ്രായശ്ചിത്തമാവുമെന്നാണ് കരുതപ്പെടുന്നത്.

റയല്‍ മാഡ്രിഡിനു വേണ്ടി 1999ല്‍ പതിനെട്ടാം വയസില്‍ അരങ്ങേറിയ താരം 16 സീസണുകള്‍ സ്പാനിഷ് വമ്പന്‍മാര്‍ക്ക് വേണ്ടി ബൂട്ട് കെട്ടി. റയല്‍ മാഡ്രിഡിനൊപ്പം 5 ലാലിഗ കിരീടങ്ങളും 2 കോപ്പ ഡെല്‍റേ കിരീടങ്ങളും 3 സ്പാനിഷ് സൂപ്പര്‍ കപ്പുകളും മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. ഈ സീസണ്‍ അവസാനത്തോട് കൂടി പോര്‍ട്ടോ വിടുന്ന കസിയസ് ഔദ്യോഗികമായി ബൂട്ടഴിച്ച ശേഷം വീണ്ടും 73കാരന്‍ ഫ്‌ലോരെന്റിനോ പെരെസിനൊപ്പം ക്ലബ്ബിനു വേണ്ടി തുടരും.

You Might Also Like