കുല്‍ദീപിനെ പുറത്താക്കിയത് ശരിയായ തീരുമാനം, രഹാനയെ കുരുതി കൊടുക്കില്ല, കോഹ്ലി പറയുന്നു

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ 227 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ തോല്‍വിയ്ക്ക് കാരണം കുല്‍ദീപിന്റെ അസാനിധ്യം ആണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നായകന്‍ വിരാട് കോഹ്ലി. കുല്‍ദീപ് യാദവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ പശ്ചാത്താപമില്ലെന്നായിരുന്നു മത്സരശേഷമുള്ള കോഹ്ലിയുടെ പ്രതികരണം.

രണ്ട് ഓഫ് സ്പിന്നര്‍മാരെ ടീമിലെടുക്കുമ്പോള്‍ വ്യത്യസ്ത രീതിയല്‍ ബോള്‍ ചെയ്യുന്ന ആളെയാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് കോലി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ കോംബിനേഷന്‍ സംബന്ധിച്ച് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

അജിന്‍ക്യ രഹാനെയുടെ മോശം പ്രകടനത്തെപ്പറ്റിയും ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ രഹാനെ ടീം ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും താരം ശക്തമായി തിരിച്ചുവരുമെന്നും കോഹ്ലി വ്യക്തമാക്കി.

‘പൂജാരയ്ക്കൊപ്പം തന്നെ രഹാനെ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ് ബാറ്റ്‌സ്മാനാണ്. അദ്ദേഹം ടീമില്‍ തുടരുക തന്നെ ചെയ്യും. രഹാനയുടെ കഴിവില്‍ ടീമിന് വിശ്വാസമുണ്ട്. മത്സരഗതി നിര്‍ണയിക്കാന്‍ സാധിക്കുന്ന കളിക്കാരനാണ് രഹാനെ. മെല്‍ബണില്‍, നിര്‍ണായക സമയത്ത് അദ്ദേഹം സെഞ്ചുറി നേടി.’ കോലി മാധ്യമങ്ങളോട് പറഞ്ഞു.

1, 0 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിനെതിരെ രണ്ടു ഇന്നിങ്‌സുകളിലായി രഹാനെയുടെ സ്‌കോര്‍. മെല്‍ബണില്‍ ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിക്കുശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ രഹാനയ്ക്കായിട്ടില്ല.

കോഹ്ലിയുടെ കീഴില്‍ ഇന്ത്യയില്‍ കളിച്ച 18 മത്സരങ്ങളില്‍നിന്ന് 779 റണ്‍സാണ് രഹാനയുടെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ച്വറിയും 6 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു.

You Might Also Like