നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരേണ്ട, ഇന്ത്യയുടെ മുഖ്യത്തടിച്ച് ഓസീസ് ഭരണകൂടം

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തെച്ചൊല്ലി അനിശ്ചിതത്വം കനക്കുന്നു. നാലാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയാകേണ്ട ബ്രിസ്‌ബേന്‍ ഉള്‍പ്പെടുന്ന ക്വീന്‍സ്ലാന്‍ഡിലെ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളാണ് ടീം ഇന്ത്യയെ കുഴക്കുന്നത്.

നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ബ്രിസ്‌ബേനിലെത്തുമ്പോള്‍ ടീമുകള്‍ ഒരിക്കല്‍ക്കൂടി 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് വിധേയരാകണമെന്ന നിബന്ധന അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ അങ്ങനെയെങ്കില്‍ ഇന്ത്യ ഇങ്ങോട്ട് വരേണ്ടതില്ലെന്ന് തുറന്നടിച്ചിട്ടിരിക്കുകയാണ് ക്വീന്‍സ്ലാന്‍ഡ് ആരോഗ്യ മന്ത്രി.

‘നിയമം അനുസരിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യന്‍ ടീം വരേണ്ടതില്ലെന്ന’ ക്വീന്‍സ്ലാന്‍ഡ് ആരോഗ്യ മന്ത്രി റോസ് ബെയ്റ്റ്‌സ് എംപി തുറന്നടിച്ചു. ക്വീന്‍സ്ലാന്‍ഡ് കായികമന്ത്രിയും ഇന്ത്യയുടെ ആവശ്യം തള്ളിക്കളഞ്ഞു. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലൊണെന്നും ഒരു ടീമിനായി മാറ്റങ്ങള്‍ വരുത്താനാകില്ലെന്നും കായിക മന്ത്രി ടിം മാന്‍ഡര്‍ വ്യക്തമാക്കി.

അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഷെഡ്യൂള്‍ പ്രകാരം ജനുവരി 15നാണ് ഗാബ സ്റ്റേഡിയത്തില്‍ നാലാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കമാകേണ്ടത്.

എന്നാല്‍, ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്നോടിയായി ഇതിനകം 28 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്, ഇനിയും ക്വാറന്റീനില്‍ കഴിയാന്‍ താല്‍പര്യമില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി എത്തും മുന്‍പ് ഐപിഎലിനു ശേഷം ടീമംഗങ്ങള്‍ 14 ദിവസം ദുബായില്‍ ക്വാറന്റീനിലായിരുന്നു. സിഡ്‌നിയിലെത്തിയശേഷം വീണ്ടും അവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു. ഒരേ പരമ്പരയില്‍ ഇനിയും 14 ദിവസത്തെ ക്വാറന്റീന്‍ അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ബ്രിസ്ബണിലേക്കു വരാന്‍ തയ്യാറല്ലെന്ന തീരുമാനത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ മൂന്നാം ടെസ്റ്റ് നടക്കുന്ന സിഡ്നിയില്‍ തന്നെ അവസാന ടെസ്റ്റും നടന്നേക്കുമെന്നാണ് സൂചനകള്‍. നാലാം ടെസ്റ്റിന്റെ ബാക്കപ്പ് വേദിയായി സിഡ്നിയെ ഇതിനകം തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

You Might Also Like