മാച്ച് വിന്നറായി സഞ്ജുവെല്ലാം ടീമിലില്ലേ, രോഹിത്തിനോട് വിശ്രമിക്കാന്‍ സൂപ്പര്‍ താരം
വെസ്റ്റിന്‍ഡീസിന് എതിരായ മൂന്നാം ടി20ക്കിടെ പരിക്കേറ്റ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ റിട്ടയേര്‍ഡ് ഹര്‍ട്ടായി ആയി മടങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. മത്സരശേഷം തന്റെ പരിക്ക് ഗുരുതരമല്ലെന്നും പരമ്പരയില്‍ ഇനിയും തനിയ്ക്ക് കളിക്കാനാകുമെന്നും രോഹിത്ത് അറിയിച്ചതോടെയാണ് ഈ ആശങ്കയ്ക്ക് അറുതിയായത്.
ഇപ്പോഴിതാ ആവശ്യമെങ്കില്‍ രോഹിത് അടുത്ത മത്സരങ്ങളില്‍ വിശ്രമമെടുക്കുകയാണ് വേണ്ടതെന്നും താരത്തെ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യക്ക് ആവശ്യമാണെന്നും അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍താരം ഡാനിഷ് കനേരിയ. രോഹിത്തിന് പകരം ഇന്ത്യയെ നയിക്കാന്‍ മാച്ച് വിന്നര്‍മാര്‍ കൂടിയായ സഞ്ജു സാംസണെപോലുള്ള താരങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കനേരിയ ഇക്കാര്യം വ്യക്തമാക്കിയത്.
‘രോഹിത് ശര്‍മ്മ ഒരു ബൗണ്ടറി നേടിയ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം കണ്ടാലറിയാം വേദന എത്രത്തോളമുണ്ടെന്ന്. രോഹിത് ഫിറ്റ്നസിന് പ്രാധാന്യം നല്‍കണം. അടുത്ത രണ്ട് മത്സരങ്ങളില്‍ താരത്തിന് വിശ്രമം ആവശ്യമെങ്കില്‍ ടീമിന് പ്രശ്നം വരില്ല. ടീം ഇന്ത്യക്ക് രോഹിത്തിനെ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ആവശ്യമാണ്. രോഹിത് വിശ്രമമെടുത്താലും മാച്ച് വിന്നര്‍മാരും ക്യാപ്റ്റന്‍സി ഓപ്ഷനുകളുമായ ശ്രേയസ് അയ്യരും സഞ്ജു സാംസണും റിഷഭ് പന്തും ടീമിലുണ്ട്’ കനേരിയ പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പിയായ സൂര്യകുമാര്‍ യാദവിനെ കനേരിയ പ്രശംസിച്ചു. സമകാലിക ക്രിക്കറ്റില്‍ സൂര്യയേക്കാള്‍ മികച്ച രീതിയില്‍ ഫ്‌ലിക് ഷോട്ടുകള്‍ കളിക്കുന്ന താരമുണ്ടാവില്ല എന്നാണ് കനേരിയ വിലയിരുത്തുന്നത്.
മത്സരത്തില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ രോഹിത് പിന്നീട് ക്രീസിലിറങ്ങിയില്ല. എങ്കിലും മത്സരത്തില്‍ വിജയിച്ച് ഇന്ത്യ അഞ്ച് ടി20കളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരുന്നു. വിന്‍ഡീസ്-ഇന്ത്യ ടി20 പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഓഗസ്റ്റ് 6, 7 തിയതികളിലാണ് അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍ നടക്കുക.