പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റാല്‍ അവര്‍ക്കൊരു തിരിച്ചുവരവ് ഉണ്ടാകില്ല, ഓസീസ് താരത്തിന്റെ മുന്നറിയിപ്പ്

Image 3
CricketTeam India

ടി20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റാല്‍ അവര്‍ സെമിയിലെത്താതെ പുറത്താവുമെന്ന് പ്രവചിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. ആദ്യ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യ അനായാസം മുന്നേറുമെന്നും എന്നാല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ന്യൂസിലന്‍ഡിനെ നേരിടേണ്ടിവരുന്ന പാക്കിസ്ഥാന് കാര്യങ്ങള്‍ കടുപ്പമാകുമെന്നും ഹോഗ് പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റാല്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം മത്സരം പാക്കിസ്ഥാനെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാകും. പാക്കിസ്ഥാന്‍ സെമിയിലെത്തുമോ എന്നത് തീരുമാനിക്കുക ഈ മത്സരമാകും. ആദ്യ മത്സരത്തില്‍ തോറ്റാല്‍ അവര്‍ സെമിയിലെത്തുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ദീപ്ദാസ് ഗുപ്തയുമായുള്ള അഭിമുഖത്തില്‍ ഹോഗ് പറഞ്ഞു.

അതേസമയം, തന്റെ സെമിഫൈനല്‍ ലൈനപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനുമുണ്ടെന്നും ഹോഗ് പറഞ്ഞു. ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് ഒന്നില്‍ നിനന് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസുമാകും സെമിയിലെത്തുന്ന നാലു ടീമുകളെന്നും ഹോഗ് പറഞ്ഞു.

ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ ആധികാകിരക ജയം നേടിയിരുന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെയുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഞായറാഴ്ചയാണ് സൂപ്പര്‍ 12ല്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. 26ന് പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ 31നാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ മത്സരം.