ഇംഗ്ലണ്ടില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി റിഷഭ്, തിളങ്ങി ഗില്ലും ഇഷാന്തും

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം രണ്ട് ടീമുകളായി പരസ്പരം ഏറ്റുമുട്ടുകയാണ്. കെഎല്‍ രാഹുലിന്റേയും വിരാട് കോഹ്ലിയുടേയും നേതൃത്വത്തിലാണ് രണ്ട് ടീമുകളായി ഇന്ത്യ ഇറങ്ങിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കോഹ്ലിയുടെ ടീമിനായി റിഷഭ് പന്ത് സെഞ്ച്വറി സ്വന്തമാക്കി. കേവലം 94 പന്തുകളില്‍ 121 റണ്‍സെടുത്ത് പുറത്താവാതെ നിന്ന പന്താണ് ടോപ്പ് സ്‌കോറര്‍ ആയത്. 85 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും തിളങ്ങി. രോഹിത്തായിരുന്നു ഗില്ലിന് കൂട്ടായി ഓപ്പണറായത്.

രാഹുലിന്റെ ടീമിനായി 36 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയാണ് തിളങ്ങിയത്. രാഹുലിന്റെ ടീമില്‍ കൂടുതലും വൃദ്ധിമാന്‍ സാഹ, ഹനുമ വിഹാരി അടക്കമുളല റിസര്‍വ് താരങ്ങളായിരുന്നു.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും. ട്രെന്‍ഡ് ബ്രിഡ്ജില്‍ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് പരമ്പരയ്ക്കുമായി സമാന സ്‌ക്വാഡിനെയാണ് ബിസിസിഐ അയക്കുന്നത്.

You Might Also Like