ടോസ് വിജയം കിവീസിന്, ടോസ് ലഭിച്ചിരുന്നെങ്കില്‍ വില്യംസന്‍ എടുത്ത തീരുമാനം തന്നെയെടുത്തേനെയെന്ന് കോഹ്ലി

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ടോസ് ലഭിക്കുകയായിരുന്നെങ്കില്‍ താനും ബൗളിംഗ് തിരഞ്ഞെടുക്കുമായിരുന്നുളളുവെന്നാണ് ടോസിന് ശേഷം കോഹ്ലി പറഞ്ഞത്. എങ്കിലും ബാറ്റ് ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും ഏത് സാഹചര്യത്തിലും പന്തെറിയാന്‍ സാധിക്കുന്ന രണ്ട് സ്പിന്നര്‍മാര്‍ ടീമിലുണ്ടെന്നും കോഹ്ലി പറഞ്ഞു.


നിലവില്‍ സതാംപ്ടണിലേത് തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ മത്സരം തുടങ്ങിയാലും ഇടയ്ക്ക് മഴ രസംകൊല്ലിയായി എത്തിയേക്കും.

വെയില്‍ തെളിഞ്ഞെങ്കിലും ആകാശത്ത് ഇരുണ്ട മേഘങ്ങളുണ്ട്. അതിനാല്‍ത്തന്നെ പിച്ചില്‍ ഈര്‍പ്പവുമുണ്ടാവും. അതിനാല്‍ ആദ്യം ബാറ്റ് ചെയ്യുക എന്നത് ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടെസ്റ്റുകളിലാണ് കോഹ്ലി ഇതുവരെ ഇന്ത്യയെ നയിച്ചത്. കോഹ്ലി ടോസ് നേടിയ 3 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചു. ടോസ് നഷ്ടപ്പെട്ട 2 ടെസ്റ്റുകളിലും തോറ്റു.

ആദ്യ ദിനം പൂര്‍ണ്ണമായും മഴ പെയ്തതിനാല്‍ത്തന്നെ രണ്ടാം ദിനം മത്സരം അര മണിക്കൂര്‍ നേരത്തെ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് 3.30ന് ആരംഭിക്കേണ്ട മത്സരം 3.00ന് ആരംഭിക്കും.

You Might Also Like